
ന്യൂയോർക്ക്: ടെസ്‌ല ഉടമ എലോൺ മസ്ക്കിന് ഇരട്ടകുഞ്ഞുങ്ങൾ പിറന്നതായി വാർത്ത. കഴിഞ്ഞ വർഷം തന്റെ അമ്പതാം വയസിലാണ് മസ്ക്കിന് ഇരട്ടകുഞ്ഞുങ്ങൾ പിറന്നത്. മസ്ക്കിന്റെ തന്നെ ഉടമസ്ഥതയിലുള്ള ന്യൂറലിങ്ക് എന്ന സ്റ്റാർട്ടപ്പ് കമ്പനിയിലെ ഉന്നത എക്സിക്യൂട്ടീവായ ശിവോൺ സിലിസിലാണ് മസ്ക്കിന് ഇരട്ട കുട്ടികൾ പിറന്നത്. ഇരട്ടക്കുട്ടികളുടെ പേര് മാറ്റുന്നതിന് വേണ്ടി മസ്ക്കും സിലിസും കോടതിയെ സമീപിച്ചതോടെയാണ് വാർത്ത പുറത്തായത്. ബിസിനസ് ഇൻസൈഡർ ആണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021 നവംബറിലാണ് മസ്ക്കിന് ഇരട്ടക്കുട്ടികൾ പിറന്നത്. തുടർന്ന് കഴിഞ്ഞ ഏപ്രിലിൽ മസ്ക്കും സിലിസും തങ്ങളുടെ കുട്ടികളുടെ പേരിന്റെ അവസാനം പിതാവിന്റെ പേരായ മസ്ക്ക് ചേർക്കുന്നതിനും മദ്ധ്യപേരിന്റെ കൂടെ അമ്മയുടെ പേരായ സിലിസ് ചേർക്കുന്നതിനും വേണ്ടി കോടതിയെ സമീപിക്കുകയുമായിരുന്നു. ഇതിന് വേണ്ടി കോടതിയിൽ സമീപിച്ച രേഖകൾ പുറത്തായിട്ടുണ്ട്. ഒരു മാസത്തിന് ശേഷം മസ്ക്കിന്റെയും സിലിസിന്റെയും ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു.
ട്വിറ്റർ മസ്ക്ക് ഏറ്രെടുത്താൽ അതിന്റെ നേതൃസ്ഥാനത്തേക്ക് എത്താൻ ഏറ്റവും കൂടുതൽ സാദ്ധ്യത കല്പിച്ചിരുന്നവരിൽ ഒരാളാണ് 36കാരിയായ സിലിസ്. 2017ലാണ് ന്യൂറോലിങ്കിൽ സിലിസ് പ്രവേശിക്കുന്നത്. അതേവർഷം തന്നെ ടെസ്‌ലയിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ തലപ്പത്ത് സിലിസ് എത്തി. 2019 വരെ സിലിസ് ആ സ്ഥാനത്ത് തുടർന്നിരുന്നു.
ഇരട്ടക്കുട്ടികൾ കൂടി പിറന്നതോടെ മസ്ക്കിന് ആകെയുള്ള കുട്ടികളുടെ എണ്ണം ഒൻപത് ആയി. കനേഡിയൻ ഗായിക ഗ്രിംസിൽ മസ്ക്കിന് രണ്ട് കുട്ടികളുണ്ട്. അതിനൊപ്പം മുൻ ഭാര്യയും കനേഡിയൻ സാഹിത്യകാരിയുമായ ജസ്റ്റിൻ വിൽസണിൽ മസ്ക്കിന് അഞ്ച് കുട്ടികളുമുണ്ട്.