usha

കോട്ടയം: ഭരണഘടനാ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ചത്. പിന്നാലെ മുൻ എം എൽ എ പി സി ജോർജിന്റെ ഭാര്യ ഉഷ ജോർജിന്റെ ശാപവാക്കുകളുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ ട്രോളുകൾ പ്രചരിച്ചിരുന്നു.

ഇത്തരം ട്രോളുകളോട് പ്രതികരിച്ചിരിക്കുകയാണ് ഉഷ ജോർജ് ഇപ്പോൾ. 'ട്രോളുകളൊക്കെ കണ്ടു. ഞാൻ അപ്പോഴത്തെ ആ വിഷമത്തിലങ്ങ് പറഞ്ഞെന്നേയുള്ളൂ. വ്യാജ പരാതിയിലാണ് ഭർത്താവിനെ അറസ്റ്റ് ചെയ്തത്. ഞാൻ പ്രാർത്ഥിച്ചു, ഇപ്പോൾ എത്ര കേസായി, മുഴുവൻ കേസും ഊരിപ്പോന്നില്ലേ. ഇതൊക്കെ ഞങ്ങളുടെ കൊന്തയുടെ ബലമാണ്.'- അവർ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

പി സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉഷ ജോർജ് മുഖ്യമന്ത്രിക്കെതിരെ ശാപവാക്കുകളുമായി രംഗത്തെത്തിയിരുന്നു. "ശരിക്കും പറഞ്ഞാൽ അയാളെ എനിക്ക് വെടിവച്ച് കൊല്ലണമെന്നുണ്ട്. നിങ്ങളിത് ചാനലിൽ കൂടി വിട്ടാലും എനിക്ക് കുഴപ്പമില്ല. എന്റെ അപ്പന്റെ റിവോൾവറാണ് ഇവിടെയുള്ളത്. കുടുംബത്തിലെ എല്ലാവരും വേദനിക്കുന്നുണ്ട്. എന്റെയീ കൈയിൽ കൊന്തയുണ്ടെങ്കിൽ ഒരാഴ്ചയ്‌ക്കുള്ളിൽ അയാൾ അനുഭവിക്കും."- എന്നായിരുന്നു ഉഷ ജോർജ് പറഞ്ഞത്.

ഒരാഴ്ച തികയ‌്ക്കും മുമ്പ് തന്നെ രണ്ടാം പിണറായി സർക്കാരിലെ ആദ്യത്തെ രാജി ഉണ്ടായതോടെ പി സിയുടെ ഭാര്യയുടെ ശാപം ഫലിച്ചു എന്ന രീതിയിലുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചത്.