forest

കൊച്ചി: മെട്രോ നഗരമായ കൊച്ചിയിൽ നാല്പത് കോടിയോളം രൂപ വില മതിക്കുന്ന രണ്ടേക്കർ ഭൂമിയിൽ എ.വി. പുരുഷോത്തമ കമ്മത്ത് വളർത്തിയെടുത്തത് ഒന്നാന്തരം വനം. അതിൽ മൂവായിരത്തിലേറെ അമൂല്യ ഔഷധ സസ്യലതാദികൾ. കമ്മത്തും കുടുംബവും ഇവിടെ സസുഖം വാഴുന്നു. അരനൂറ്റാണ്ട് മുമ്പാണ് കഥയുടെ തുടക്കം. അന്ന് കമ്മത്തിന് 23 വയസ്. കനറാബാങ്കിലെ ജോലി രാജിവച്ച് പാരമ്പര്യസ്വത്തായി ലഭിച്ച രണ്ടേക്കർ ഭൂമിയിൽ വനവൃക്ഷങ്ങൾ നട്ടുവള‌ർത്താൻ തീരുമാനിച്ചപ്പോൾ 'മുഴുഭ്രാന്ത്' എന്ന് ബന്ധുക്കളും അയൽക്കാരും കളിയാക്കി. തമ്മനം - പുല്ലേപ്പടി റോഡിലെ ഭൂമി ഇപ്പോൾ ഒരു വനമാണ്. എം.ബി.എക്കാരനായ മകൻ ആനന്ദ് പി. കമ്മത്തും ഐ.സി.ഐ.സി.ഐ ബാങ്കിലെ ജോലി 15 വർഷം മുമ്പ് രാജിവച്ച് പിതാവിനൊപ്പംകൂടി. സുഖമായി ജീവിക്കാനുള്ള വക ആലുങ്കൽ ഫാം എന്ന വനത്തിൽ നിന്ന് ലഭിക്കുന്നു.

വനഗവേഷകരുടെ വലിയ 'ലൈബ്രറി'കൂടിയാണ് ഈ നഗരവനം. ഔഷധസസ്യ, ഫലവൃക്ഷങ്ങളുടെ തൈകൾ തേടി കേരളമെമ്പാടുനിന്നും പുറത്തുനിന്നും ആവശ്യക്കാരെത്തും. വർഷം ഒരു ലക്ഷത്തോളം തൈകൾ വിൽക്കും. 10 രൂപ മുതൽ ആയിരങ്ങൾ വരെ വിലയുണ്ട് തൈകൾക്ക്. കാടിന് നടുവിൽ 120 വർഷം പഴക്കമുള്ള ഗുരുകുലം വീട്ടിലാണ് പുരുഷോത്തമ കമ്മത്ത്, ഭാര്യ ആശാലത, മകൻ ആനന്ദ്, മരുമകൾ ഡോ. ശ്യാമ എന്നിവരും കൊച്ചുമക്കളും താമസിക്കുന്നത്.കേരള ജൈവവൈവിദ്ധ്യ ബോർഡിന്റെ ഫാം സ്കൂൾ പദവി ഈ കാടിന് കിട്ടിയിട്ടുണ്ട്. 2013ലെ ബയോഡൈവേഴ്സിറ്റി അവാ‌ർഡ്, 2014 ലെ വനമിത്ര പുരസ്കാരം തുടങ്ങിയവയും ലഭിച്ചിട്ടുണ്ട്.

അസുലഭ സസ്യ, വൃക്ഷങ്ങൾ

അണലിവേഗം, രുദ്രാക്ഷം, ചന്ദ്രമുഖി രുദ്രാക്ഷം, ചോളരുദ്രാക്ഷം, കമണ്ഡലു (സന്യാസിപ്പഴം), ശിംശിപാവൃക്ഷം, ബ്രൗണിയ, ഭൂതംകൊല്ലി, മക്കോട്ടദേവ, കേപ്പൽ, കരിങ്ങോട്ട, കടമ്പ്, ചെന്തുരുണി, നാഗലിംഗമരം, വെള്ളഞാവൽ, ആനത്തൊണ്ടി, അങ്കോലം, കരിമരം തുടങ്ങി ഔഷധഗുണമുള്ള വൻവൃക്ഷങ്ങളും വള്ളിനാരകം, വള്ളിപ്ലാശ്, വള്ളിമുള, വള്ളികാഞ്ഞിരം, വള്ളി മന്ദാരം, വള്ളിപ്ലാവ്, നാഗവള്ളി (അത്യപൂർവ്വയിനം), പനച്ചിവള്ളി, ഗരുഡക്കൊടി, വള്ളിപ്പാല തുടങ്ങിയ ഔഷധവീര്യമുള്ള ലതാദികളും നാടൻ വൃക്ഷങ്ങളും ഇവിടെ കാണാം. പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണിവിടം. നക്ഷത്രവനം, ദശപുഷ്പം, ത്രികടു, ത്രിഫല, നാൽപ്പാമരം, പഞ്ചവൽക്കം, ത്രിഗന്ധ, ത്രിജാതം തുടങ്ങിയ സസ്യഗ്രൂപ്പുകളുമുണ്ട്.