
ടോക്കിയോ: വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നില അതീവ ഗുരുതരം. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. വെടിയേറ്റ ഉടനെ ഹൃദയാഘാതം കൂടി ഉണ്ടായതാണ് ആരോഗ്യനില കൂടുതൽ വഷളാക്കിയത്.പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെ കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബേയ്ക്ക് നേരെ അക്രമി വെടിയുതിർത്തത്.
പിന്നില്‍നിന്ന് കൈത്തോക്ക് ഉപയോഗിച്ച് വെടിവച്ചുവെന്നാണ് പൊലീസ് പറയുന്നത്. രണ്ട് വെടിയുണ്ടകൾ ഏറ്റു എന്നാണ് റിപ്പോർട്ട്. അക്രമി എന്നുകരുതുന്ന 41 കാരനായ യമഗാമി തെത്സുയയെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാൾ മുൻ നാവിക സേനാ ഉദ്യോഗസ്ഥർ ആണെന്നാണ് റിപ്പോർട്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ മാറ്റിവച്ച് ടോക്കിയോയിലേക്കു തിരിച്ചിട്ടുണ്ട്. ആബേയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെ ഇന്ത്യൻ അംബാസഡറുമായി സംസാരിച്ചു. മോദിയുടെ ഏറ്റവും അടുത്ത സുഹൃത്താണ് ആബേ.
ഷിൻസോ ആബേ വെടിയേറ്റുവീണയുടൻ സമീപത്തുണ്ടായിരുന്നവർ ഓടിയെത്തിയാണ് പ്രഥമ ശുശ്രൂഷ നൽകിയത്. അബോധാവസ്ഥയിലായ അദ്ദേഹത്തെ ഹെലികോപ്ടറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്.ആരോഗ്യ നിലയെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഏറ്റവും കൂടുതൽ കാലം ജപ്പാൻ ഭരിച്ച പ്രധാനമന്ത്രിയാണ് ഷിൻസോ ആബേ. 2020ലാണ് അദ്ദേഹം അധികാരത്തിൽ നിന്നിറങ്ങുന്നത്. 2006ലാണ് അദ്ദേഹം ആദ്യമായി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ഒരു വർഷമാണ് അധികാരത്തിലുണ്ടായിരുന്നത്. 2012ൽ വീണ്ടും പ്രധാനമന്ത്രിയായ അദ്ദേഹം 2020 വരെ തുടർന്നു. 2012ൽ പ്രതിപക്ഷ നേതാവായും 2005 മുതൽ 2006 വരെ ചീഫ് കാബിനറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചു.

വികസിത രാജ്യങ്ങളിൽ ഏറ്റവും കർശനമായ തോക്ക് നിയമങ്ങളുള്ളത് ജപ്പാനിലാണ്, അതിനാൽ വെടിവയ്പ്പുകൾ വിരളമാണ്. അതിനാൽ തന്നെ ആബേയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
