
ഇന്ത്യൻ ഭരണഘടനയെ ആക്ഷേപിക്കും വിധം പൊതുവേദിയിൽ പ്രസംഗിച്ച് പുലിവാല് പിടിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാന്റെ മന്ത്രിസ്ഥാനം തെറിച്ചെങ്കിലും ആരുമറിയാതിരുന്ന തങ്ങളുടെ പ്രവർത്തനങ്ങൾ നാല് പേരറിഞ്ഞതിന്റെ സന്തോഷത്തിലാണ് കൊല്ലം ജില്ലാ പഞ്ചായത്ത്. സി.പി.ഐ ഭരിക്കുന്ന കൊല്ലം ജില്ലാപ്പഞ്ചായത്തിന് വിവാദം അഭിമാനാർഹമായ നേട്ടമാണ് സമ്മാനിച്ചത്. മാസങ്ങൾക്ക് മുമ്പേ ഇന്ത്യൻ ഭരണഘടനയുടെ മാറ്റ് തിരിച്ചറിഞ്ഞ ഭരണസമിതി അതിന്റെ പ്രാധാന്യവും സവിശേഷതകളും ജനത്തെ അറിയിക്കാൻ ഒരു പദ്ധതി തന്നെ രൂപീകരിച്ചു. കൊല്ലം ജില്ലാപ്പഞ്ചായത്ത് ഭരണഘടനാ സാക്ഷരത ലക്ഷ്യമിട്ട് 'ദി സിറ്റിസൺ' എന്ന പദ്ധതിക്ക് രൂപം നൽകിയപ്പോൾ ആരും കരുതിയിരുന്നില്ല വരും ദിവസങ്ങളിൽ ഭരണഘടനയുടെ മഹത്വവും പ്രാധാന്യവും ചർച്ച ചെയ്യപ്പെടുന്നതിനൊപ്പം ജില്ലാപ്പഞ്ചായത്തിന്റെ പ്രവർത്തനങ്ങളും ഇത്രയേറെ ചർച്ച ചെയ്യപ്പെടുമെന്ന്. ആഗസ്റ്റ് 14 ന് അർദ്ധരാത്രിയോടെ കൊല്ലം ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരതനേടിയ ജില്ലയായി പ്രഖ്യാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമായ പരിപാടികൾ ജില്ലയിലുടനീളം സംഘടിപ്പിച്ചു വരികയാണ്. ജില്ലയെ സമ്പൂർണ ഭരണഘടനാ സാക്ഷരമാക്കാനുള്ള ലക്ഷ്യത്തോടെ ജില്ലാപ്പഞ്ചായത്തും ജില്ലാ ആസൂത്രണ സമിതിയും 'കില"യും ചേർന്നാണ് ഇങ്ങനെയൊരു പരിപാടിക്ക് രൂപം നൽകിയത്.
ഭരണഘടനയുടെ പ്രാധാന്യവും അത് നൽകുന്ന പൗരാവകാശങ്ങളെക്കുറിച്ചും ജില്ലാ നിവാസികളെ ബോദ്ധ്യപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അതിനായി പത്ത് വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഭരണഘടനയെക്കുറിച്ച് അവബോധം പകരാൻ ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ സ്‌കൂളുകൾ, വീടുകൾ, സ്ഥാപനങ്ങൾ, എന്നിവിടങ്ങളിൽ പ്രചാരണ, പരിശീലന പരിപാടികളാണ് ലക്ഷ്യമിട്ടത്. കില പരിശീലനം നൽകിയ സന്നദ്ധപ്രവർത്തകരാണ് ഇതിന് നേതൃത്വം നൽകുന്നത്. വീടുകളിൽ പതിക്കാൻ ആകർഷകമായി അച്ചടിച്ച ഭരണഘടനയുടെ ആമുഖവും ഇതോടൊപ്പം നൽകി. കുട്ടികൾക്കും മുതിർന്നവർക്കും പ്രത്യേകം കൈപ്പുസ്തകങ്ങൾ തയ്യാറാക്കി നൽകി. 2021 ഡിസംബർ 30 ന് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം നിർവഹിച്ച പരിപാടി മുന്നേറുന്നതിനിടെയാണ് വിവാദം കത്തിപ്പടർന്നത്.
ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കൊല്ലം ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന ഭരണഘടനാ സാക്ഷരതാ പരിപാടി നിറുത്തിവയ്ക്കണമെന്ന് യു.ഡി.എഫ് നേതാക്കൾ ആവശ്യപ്പെട്ടതും ജില്ലാപ്പഞ്ചായത്തിന്റെ പരിപാടി കേരളം മുഴുവൻ ശ്രദ്ധിക്കപ്പെടാനിടയാക്കി. മന്ത്രിസ്ഥാനം രാജി വച്ചെങ്കിലും ഭരണഘടനയെ അല്ല, ഭരണകൂടത്തിന്റെ ദുഷ്ചെയ്തികളെയാണ് താൻ വിമർശിച്ചതെന്ന നിലപാടിലുറച്ചു നിൽക്കുന്ന സജി ചെറിയാൻ, ഭരണഘടനയെയും ജുഡിഷ്യറിയെയും പരസ്യമായി അധിക്ഷേപിച്ചിട്ടും അതംഗീകരിക്കാനോ ക്ഷമാപണം നടത്താനോ അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയായ സി.പി.എമ്മും തയ്യാറായിട്ടില്ലെന്നതാണ് യു.ഡി.എഫിന്റെ ആരോപണം. പൊതുസമൂഹത്തിന്റെ ലക്ഷക്കണക്കിന് രൂപ വിനിയോഗിച്ച് ജില്ലാ പഞ്ചായത്ത് നടത്തുന്ന പദ്ധതി ആത്മാർത്ഥതയുടെ ഒരു കണിക പോലും ഇല്ലാതെയാണ് എൽ.ഡി.എഫ് നടപ്പാക്കുന്നതെന്ന് സജി ചെറിയാന്റെ പ്രസംഗം തെളിയിച്ചിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഉന്നയിച്ച ആക്ഷേപങ്ങൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമായ മറുപടി പറഞ്ഞില്ലെങ്കിൽ പദ്ധതിയിൽ നിന്ന് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകൾ വിട്ടുനിൽക്കാൻ നിർദ്ദേശം നൽകുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ആർ.എസ്.പി നേതാവും കൊല്ലം എം.പിയുമായ എൻ.കെ പ്രേമചന്ദ്രനും വിവിധ ചാനൽ ചർച്ചകളിലടക്കം ഈ ആവശ്യം ഉന്നയിച്ചു.
പിന്മാറില്ലെന്ന്
ജില്ലാ പഞ്ചായത്ത്
ഭരണഘടനാ സാക്ഷരതാ പരിപാടിയിൽ നിന്ന് പിന്മാറുന്ന പ്രശ്നമില്ലെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ പറഞ്ഞു. ഭരണഘടനാ വിഷയം വിവാദമാകും മുമ്പേ അതിന്റെ പ്രാധാന്യവും മൂല്യവും തിരിച്ചറിഞ്ഞാണ് സംസ്ഥാനത്ത് തന്നെ ആദ്യമായി കൊല്ലം ജില്ലാ പഞ്ചായത്ത് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. അതിപ്പോൾ അവസാനഘട്ടത്തിലെത്തി. ആഗസ്റ്റ് 14 ന് സമ്പൂർണ ഭരണഘടനാ സാക്ഷരത പ്രഖ്യാപനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്തൊഴികെ മറ്റെല്ലായിടത്തും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലയിലെ നഗരസഭകളിലും കൊല്ലം കോർപ്പറേഷനിലും പൂർത്തിയായി. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലും നടപ്പാക്കുന്നുവെന്ന് മാത്രമല്ല, യു.ഡി.എഫ് അംഗങ്ങളും ഇതുമായി സഹകരിക്കുന്നുണ്ട്. ഭരണഘടനയുടെ അന്തസ്സത്ത ഉയർത്തിപ്പിടിക്കാനും അതെക്കുറിച്ച് ജില്ലയിലെ ജനങ്ങളെ മുഴുവൻ ബോദ്ധ്യപ്പെടുത്താനുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. ഇതിൽ കക്ഷി രാഷ്ട്രീയമില്ല. സജി ചെറിയാൻ ഭരണഘടനയെക്കുറിച്ച് എന്ത് പറഞ്ഞുവെന്നത് ഇവിടെ പ്രസക്തമല്ല. അതുസംബന്ധിച്ച് അഭിപ്രായം പറയേണ്ടവർ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനയെ വെല്ലുവിളിക്കുന്ന സംഭവങ്ങൾ രാജ്യത്തുണ്ടായപ്പോഴാണ് അതിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്ന പരിപാടിയുമായി മുന്നോട്ട് പോയതെന്നാണ് ജില്ലാപഞ്ചായത്തംഗം പി.സെൽവി
പറയുന്നത്. പദ്ധതിയോടനുബന്ധിച്ച് വിതരണം ചെയ്യുന്ന കൈപ്പുസ്തകം ഭരണഘടനയെക്കുറിച്ചും അതിന്റെ അന്തസ്സത്തയെക്കുറിച്ചും അറിവ് നേടാനും അത് മറ്റുള്ളവർക്ക് പകർന്ന് നൽകാനും കഴിഞ്ഞുവെന്നത് അഭിമാനാർഹമായാണ് കരുതുന്നതെന്നും സി.പി.എം അംഗമായ സെൽവി പറഞ്ഞു.