
നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് 'പത്മ'. അനൂപ് മേനോൻ സ്റ്റോറീസിന്റെ ബാനറിൽ നിർമിക്കുന്ന 'പത്മ'യിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി, ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നതും അനൂപ് മേനോനാണ്. ചിത്രം ജൂലൈ 15ന് തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റിലീസിന് മുന്നോടിയായി രസകരമായൊരു പ്രമോ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. സുരഭിയും അനൂപ് മേനോനും തമ്മിലുള്ള സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്.

‘അനൂപേട്ടാ, ഇങ്ങളല്ലേ പത്മേന്റ പ്രൊഡ്യൂസറ്, പത്മ അഥവാ പൊട്ടുകാണെങ്കിൽ നിങ്ങക്ക് എത്ര റുപ്യ പോകും' എന്ന് ചിത്രത്തിന്റെ നിർമാതാവായ അനൂപ് മേനോനോട് സുരഭി ലക്ഷ്‌മി ചോദിക്കുന്നു. പൊട്ടുവോ എന്ന് ചോദിക്കുന്ന അനൂപ് മേനോൻ കിടപ്പാടം ഒഴിച്ച് സിനിമയിൽ നിന്നുണ്ടാക്കിയതെല്ലാം പോകുമെന്ന് മറുപടി നൽകുന്നത് വീഡിയോയിൽ കാണാം. കിടപ്പാടം കിട്ടുമല്ലേ, അത് പോയ എത്ര പേരാ ഉള്ളതെന്ന് എന്ന് സുരഭി തിരിച്ച് പറയുന്നുണ്ട്. 'അഴിച്ചു വിട്ട പത്‌മക്കോഴി' എന്ന ക്യാപ്ഷനോടെ അനൂപ് മോനോൻ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.