hair-care

മുടിയുടെ എല്ലാ പ്രശ്നങ്ങളും ഒന്നിച്ചെത്തുന്ന സമയമാണ് മഴക്കാലം. അന്തരീക്ഷത്തിലുണ്ടാകുന്ന ഈർപ്പവും മലിനീകരണവുമെല്ലാം മുടിയുടെ ആരോഗ്യത്തെയും സൗന്ദര്യത്തെയും നശിപ്പിക്കുന്നു. താരൻ, മുടി കൊഴിച്ചിൽ,തലയിൽ ചൊറിച്ചിൽ ഉൾപ്പെടെ മുടിയുടെ എല്ലാ പ്രശ്നങ്ങളും ഈ സമയത്ത് രൂക്ഷമാകുന്നു. എന്നാൽ ഇവയെല്ലാം എളുപ്പത്തിൽ പരിഹരിക്കാനും കഴിയും. മഴക്കാലത്ത് മുടിക്കുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും വീട്ടിൽ തന്നെ പരിഹരിക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ഹെയർവാഷ്

ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കഴുകുന്നതാണ് ആരോഗ്യകരമായ മുടിക്ക് നല്ലത്. ചൂടുവെള്ളത്തിൽ മുടി കഴുകുന്നതും ദോഷം ചെയ്യും. മഴക്കാലത്ത് താരനും എണ്ണമയവും കൂടാൻ സാദ്ധ്യതയുള്ളതിനാൽ ഉപയോഗിക്കുന്ന ഷാംപു ഉൾപ്പെടെ ശ്രദ്ധിക്കണം. കുറച്ച് എണ്ണ മാത്രം ഉപയോഗിക്കുക. വെളിച്ചെണ്ണയ്ക്ക് പകരം ബദാം ഓയിലോ ഒലീവ് ഓയിലോ ഉപയോഗിക്കുന്നത് നല്ലതാണ്. രണ്ടോ മൂന്നോ തുള്ളി ഡീപ് കണ്ടീഷനിംഗ് ഷാംപു ഒരു കപ്പ് വെള്ളത്തിൽ ചേർത്ത് മുടി കഴുകാം. കണ്ടീഷനിംഗ് ഒരിക്കലും ഒഴിവാക്കരുത്. ഹെയർ സിറം പുരട്ടുന്നതും മുടിയ്ക്ക് ഒതുക്കവും തിളക്കവും നൽകാൻ സഹായിക്കും.

പുറത്തിറങ്ങുമ്പോൾ നനയാതിരിക്കാൻ മുടി സ്കാർഫ് ഉപയോഗിച്ച് മറയ്ക്കാം. ലൂസ് പോണിടെയ്‌ലും ലൂസ് ബണ്ണും പോലെ കാലാവസ്ഥയ്‌ക്ക് യോജിക്കുന്ന ഹെയർസ്‌റ്റൈലുകൾ തിരഞ്ഞെടുക്കാം. മുടി നനയുകയാണെങ്കിൽ വീട്ടിൽ തിരിച്ചെത്തിയ ഉടൻ വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കോട്ടൺ തുണികൊണ്ട് ഈർപ്പം കളയാവുന്നതാണ്. മുടി വെട്ടാനും അനുയോജ്യമായ സമയം ഇതാണ്. കളർ ചെയ്യുന്നതും സ്ട്രെയിറ്റ് ചെയ്യുന്നതുമെല്ലാം ഈ കാലാവസ്ഥയിൽ ചെയ്യാതിരിക്കുന്നതാണ് നല്ലത്.

പരിഹാരം

1. ചൂടാക്കിയ എണ്ണയിൽ അൽപ്പം നാരങ്ങാനീരോ ഓറഞ്ച് നീരോ ചേർത്ത് തലയോട്ടിയിൽ പുരട്ടി നന്നായി മസാജ് ചെയ്യുക. 20 മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയാം.

2. രണ്ട് സ്പൂൺ തൈരിൽ മുട്ടയുടെ വെള്ള ചേർത്ത് തലയോട്ടിയിൽ തേയ്ച്ച് പിടിപ്പിക്കുക. 20മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് കഴുകി കളയാം.

3. തലയോട്ടിയിൽ കറ്റാർവാഴ പുരട്ടി രണ്ട് മണിക്കൂറിന് ശേഷം കഴുകിക്കളയാം. മുടി വളരാനും കൊഴിച്ചിൽ മാറാനും ഇത് നല്ലതാണ്.