
ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ചതിന് മുൻ മന്ത്രി സജി ചെറിയാനെതിരെ നടപടി വേണമെന്ന് പിസി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയത്. സജി ചെറിയാൻ ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്ന ചിത്രവും ഷോൺ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
'ഹെൽമെറ്റ് എവിടെ സഖാവേ ...... മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 194(d) …..500? പെറ്റി അടച്ചേ മതിയാവൂ ......അല്ലെങ്കിൽ ......ശേഷം കോടതിയിൽ'- എന്ന അടിക്കുറിപ്പോടെയാണ് ചിത്രം ഷോൺ ജോർജ് ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റിന് താഴെ ഷോൺ ജോർജ് ഹെൽമറ്റ് ധരിക്കാതെ വണ്ടിയോടിക്കുന്ന ചിത്രങ്ങൾ കമന്റ് ചെയ്ത് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.


അതേസമയം, ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ച സംഭവത്തിൽ സജി ചെറിയാനെതിരെ ചെങ്ങന്നൂർ പൊലീസിൽ പരാതി. ഒരു അഭിഭാഷകനാണ് തപാൽ മാർഗം പരാതി നൽകിയത്. ഇന്നലെ നാട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് അദ്ദേഹം ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടറിൽ പോയത്.