
സതാംപ്‍ടണ്‍: ഇന്ത്യൻ താരം സഞ്ജു സാംസൺ ഇംഗ്ലണ്ടിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ ആദ്യ മത്സരത്തിനുള്ള സ്ക്വാഡില്‍ മാത്രമാണ് മലയാളി താരമായ സഞ്ജു ഉൾപ്പെട്ടിരുന്നത്. സ്ക്വാഡില്‍ ഉണ്ടായിരുന്നിട്ടും പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല.
ഇംഗ്ലണ്ടില്‍ നിന്ന് മടങ്ങും മുമ്പ് ആരാധകർക്ക് നന്ദിയറിച്ചുകൊണ്ട് സഞ്ജു സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് വെെറലാവുകയാണ്. ഹൃദയഭേദകമെന്നാണ് ആരാധകർ പറയുന്നത്. വീട്ടിലേയ്ക്ക് മടങ്ങുന്നുവെന്നും, എല്ലാവർക്കും നന്ദിയെന്നുമാണ് സഞ്ജു കുറിച്ചത്.

കളിച്ച അവസാന മത്സരത്തില്‍ അയർലന്‍ഡിനെതിരെ ഓപ്പണറായിറങ്ങിയ സഞ്ജു 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ 77 റണ്‍സ് നേടിയിരുന്നു. എന്നിട്ടും താരത്തിന് അടുത്ത മത്സരത്തിൽ അവസരം നൽകാത്തതാണ് ആരാധകർ ചൊടിപ്പിച്ചത്.
സഞ്ജുവിനെ കളിപ്പിക്കാൻ ഇറക്കാതിരുന്നതോടെ ടീം മാനേജ്‍മെന്റിനെതിരെ രൂക്ഷ വിമർശനമാണ് ആരാധകർ നടത്തിയത്. സഞ്ജു ടി20 ലോകകപ്പിനുള്ള ടീമിൽ ഉണ്ടാകുമോയെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ മൂന്ന് ട്വന്റി ട്വന്റികളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ 50 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 198 റൺസടിച്ചശേഷം ഇംഗ്ലണ്ടിനെ 19.3 ഓവറിൽ 148 റൺസിൽ ഒതുക്കുകയായിരുന്നു.