congress

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ചിന്തൻ ശിബിർ ക്യാംപിനിടയിൽ നടന്ന പീഡനശ്രമത്തിൽ കർശന നടപടിയുണ്ടാകുന്നുമെന്ന് വ്യക്തമാക്കി കോൺഗ്രസ് നേതൃത്വം. പീഡനപരാതി ചെറിയ രീതിയിൽ മാത്രമേ ചർച്ചയായിട്ടുള്ളുവെന്നും സംഭവത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു.

അതേസമയം,​ പെൺകുട്ടിക്ക് പരാതിയുണ്ടെങ്കിൽ പൊലീസിന് പരാതി കൈമാറുമെന്നും സംഘടനയ്‌ക്കകത്ത് ഒതുക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. വാട്സ്ആപ്പിൽ പ്രചരിക്കുന്ന പരാതി സത്യമാണോയെന്ന് പരിശോധിക്കാനും ക്യാംപിൽ പങ്കെടുത്ത മറ്റു പെൺകുട്ടികളോട് സംസാരിക്കാൻ യൂത്ത് കോൺഗ്രസ് നേതൃത്വത്തെ നിർദേശിച്ചെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ ഒരു വിട്ടുവീഴ്‌ചയ്‌ക്കും തയ്യാറല്ലെന്നും സതീശൻ വ്യക്തമാക്കി.

ഈ മാസം ആദ്യം പാലക്കാട് നടന്ന ചിന്തൻ ശിബിരത്തിൽ തിരുവനന്തപുരം സ്വദേശിയായ വനിതാ നേതാവിനോടാണ് യൂത്ത് കോൺഗ്രസ് നേതാവ് അപമര്യാദയായി പെരുമാറിയത്. സംഭവത്തിന് പിന്നാലെ വനിതാ നേതാവ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനും ദേശീയ സെക്രട്ടറിക്കും പരാതി നല്‍കിയിയിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്‌തതായി കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സി ബി പുഷ്‌പലത അറിയിച്ചു.

എന്നാൽ,​ വിഷയത്തിൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചില്ലെന്നും വാർത്ത ഒളിച്ചുവയ്ക്കാൻ ശ്രമിച്ചതായും വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ സുധാകരനും വി ഡി സതീശനും നിലപാട് വ്യക്തമാക്കിയത്.