
കോഴിക്കോട്: കെ കെ രമ എം എൽ എയെ അധിക്ഷേപിച്ച് എളമരം കരീം എം പി. പ്രസ്ഥാനത്തെ ഒറ്റുകൊടുത്തതിനുളള പാരിതോഷികമാണ് എം എൽ എ സ്ഥാനമെന്നും അത് കിട്ടിയതുകൊണ്ട് അധികം അഹങ്കരിക്കേണ്ടെന്നുമാണ് എളമരം പറഞ്ഞത്. ഒഞ്ചിയത്ത് നടന്ന സി എച്ച് അശോകൻ അനുസ്മരണ ചടങ്ങിൽ സംസാരിക്കവെയായിരുന്നു പരാമർശം. നിയമസഭയിൽ സർക്കാരിനെതിരെ താൻ എടുത്ത നിലപാടുകളാണ് സി പി എമ്മിനെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു ഇതിനെക്കുറിച്ച് കെ കെ രമ പ്രതികരിച്ചത്.
അത്‌ലറ്റ് പി.ടി ഉഷയുടെ രാജ്യസഭ അംഗത്വത്തിനെതിരെയും എളമരം കരീം രംഗത്തെത്തിയിരുന്നു. താരത്തിന്റെ പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. 'ഇപ്പോള്‍ കേരളത്തില്‍ നിന്ന് ഒരാളെ രാജ്യസഭയിലേക്കു നാമനിര്‍ദേശം ചെയ്‌തിട്ടുണ്ടല്ലോ. അതിന് തനിക്ക് യോഗ്യതയുണ്ടെന്ന് കുറച്ചുകാലമായി അവര്‍ തെളിയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏഷ്യാഡ് യോഗ്യതയ്ക്ക് പുറമേയുള്ള യോഗ്യതയാണ് തെളിയിച്ചത്' എന്നാണ് എളമരം പറഞ്ഞത്. ഇതും വിവാദമായി.
കഴിഞ്ഞദിവസം നിയമസഭയിൽ എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയത്തിന്മേലുള്ള ചർച്ചയിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടാണ് കെ കെ രമ സ്വീകരിച്ചത്. സി പി എം പ്രതിസന്ധിയിലായപ്പോഴൊക്കെ ഇത്തരം ആക്രമണം നടന്നിട്ടുണ്ടെന്ന് പറഞ്ഞ രമ അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണമെന്നും പറഞ്ഞിരുന്നു. എസ് എഫ് ഐക്കാർ വാഴവയ്‌ക്കേണ്ടത് ആഭ്യന്തര മന്ത്രിയുടെ കസേരയിലാണെന്ന് അവര്‍ പരിഹസിക്കുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് എളമരത്തിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.