
വ്യത്യസ്തമായ സംസ്കാരങ്ങളും സമ്പ്രദായങ്ങളും വിശ്വാസങ്ങളും നമ്മുടെ നാട്ടിൽ നിലവിലുണ്ട്. ഇവയെ അന്ധവിശ്വാസങ്ങളാണെന്ന് പറഞ്ഞ് പലരും തള്ളിക്കളയാറുമുണ്ട്. എന്നാൽ ലോകത്തിൻെറ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഇക്കാര്യങ്ങൾ വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല. ഇത്തരത്തിൽ നമ്മുടെ രാജ്യത്ത് നിലവിലുള്ള ഒരു വിശ്വാസമാണ് കറുത്ത പൂച്ച റോഡിന് കുറുകെ പോയാൽ വാഹനം നിർത്തിക്കൊടുക്കമമെന്നുള്ളത്. ഇതിന് പിന്നിലെ വസ്തുതയും വിശ്വാസവും അറിയാം.
ഹൈന്ദവ വിശ്വാസപ്രകാരം ശനിയുടെ നിറമാണ് കറുപ്പ്. അതുപോലെ പൂച്ചയെ രാഹുവിന്റെ വാഹനമായാണ് കണക്കാക്കുന്നത്. കറുത്ത പൂച്ച നിങ്ങളുടെ വഴിമുടക്കുന്നു എങ്കിൽ അതിനർത്ഥം ശനിയും രാഹുവും ഒരുപോലെ നിങ്ങൾക്ക് ദോഷമായി ബാധിക്കും എന്നാണ്. അതേസമയം, പൂച്ച പോവുന്നത് വരെ അൽപ്പസമയം കാത്തിരുന്നാൽ ഈ ബുദ്ധിമുട്ട് നിങ്ങളെ ബാധിക്കില്ല. അതിനാലാണ് കറുത്ത പൂച്ച റോഡ് മുറിച്ച് കടക്കുമ്പോൾ വാഹനം നിർത്തിക്കൊടുക്കണമെന്ന് പറയുന്നത്.
എന്നാൽ ഈ വിശ്വാസം പിന്തുടരുന്നതിന് പിന്നിൽ ചരിത്രപരമായ ഒരു വസ്തുത കൂടിയുണ്ട്. മദ്ധ്യകാലഘട്ടത്തിൽ സാധാരണ മനുഷ്യർ കാളവണ്ടിയിലാണ് യാത്ര ചെയ്തിരുന്നത്. പൂച്ചയെ കണ്ടാൽ കാളകൾ പ്രകോപിതരാകുകയും ചാടുകയുമൊക്കെ ചെയ്യാറുണ്ട്. ഇങ്ങനെ കാളകൾ ഓടി അപകടം ഉണ്ടാകുന്നത് ഒഴിവാക്കാൻ കാളവണ്ടി ഓടിക്കുന്നവർ പൂച്ചകളെ കണ്ടാൽ വണ്ടി നിർത്തുമായിരുന്നു.ഇങ്ങനെ വണ്ടികൾ ഓടിക്കുമ്പോൾ പൂച്ച കുറുകെ വന്നാൽ നിർത്തിക്കൊടുക്കുന്നത് ശീലമായിത്തുടങ്ങി. ഒടുവിൽ വാഹനങ്ങൾ വന്നപ്പോഴും ഈ ശീലം തുടർന്നുവെന്നതാണ് ചരിത്രം. കാലം ഒരുപാട് മുന്നോട്ട് പോയി കാളവണ്ടിയിൽ നിന്ന് ഇലക്ട്രിക്ക് കാർ യുഗത്തിലേയ്ക്ക് എത്തിയിട്ടും ഇത്തരം വിശ്വാസങ്ങൾ പിന്തുടരുന്നവരുടെ എണ്ണവും കുറവല്ല.