നീന, പുള്ളിക്കാരൻ സ്റ്റാറാ, ലളിതം സുന്ദരം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് ദീപ്‌തി സതി. രാജേഷ് നായർ സംവിധാനം ചെയ്യുന്ന 'ഇൻ' ആണ് താരത്തിന്റേതായി ഒടുവിലായി റിലീസായ ചിത്രം. അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ പൃഥ്വിരാജും നയൻതാരയും പ്രധാന വേഷത്തിലെത്തുന്ന 'ഗോൾഡ്' എന്ന ചിത്രത്തിലും ദീപ്‌തി വേഷമിട്ടിട്ടുണ്ട്.
പൃഥ്വിരാജ്, മമ്മൂട്ടി, മഞ്ജു വാര്യർ, സുരാജ് തുടങ്ങിയ താരങ്ങളോടൊപ്പമുള്ള വിശേഷങ്ങൾ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് ദീപ്‌തി സതി. കൗമുദി മൂവിസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'മമ്മൂക്കയെ ആദ്യമായി കണ്ടപ്പോൾ ഞാൻ ഭയങ്കര നെർവസ് ആയിരുന്നു. മമ്മൂക്ക ചിൽഡ് ആണ്. നമുക്ക് ഒരു സുഹൃത്തിനോട് സംസാരിക്കുന്ന പോലെയാകും തോന്നുക. ഞാൻ എപ്പോഴും സ്‌നാപ്പ്ചാറ്റിൽ കളിക്കും. 'പുള്ളിക്കാരൻ സ്റ്റാറാ' എന്ന ചിത്രത്തിന്റെ സമയത്ത് ഞാൻ മമ്മൂക്കയുടെ ഫോട്ടോ ഫിൽട്ടർ ഒക്കെ ഉപയോഗിച്ച് കാണിക്കുമായിരുന്നു. മമ്മൂക്കയ്ക്ക് സ്‌നാപ്പ്ചാറ്റ് പരിചയപ്പെടുത്തി കൊടുത്തത് ഞാനാണ്. ഞാൻ കാരണം അദ്ദേഹം സ്‌നാപ്പ്ചാറ്റ് ഡൗൺലോഡ് ചെയ്‌തു. ഇപ്പോൾ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയില്ല. പക്ഷേ അന്ന് ഈ ആപ്പ് ഇന്ററസ്റ്റിംഗ് ആണെന്ന് മമ്മൂക്ക പറഞ്ഞു. മമ്മൂക്കയ്ക്ക് എല്ലാം അറിയാം. ടെക്‌നോളജിയുടെ കാര്യത്തിൽ അദ്ദേഹം ഒരുപാട് മുകളിലാണ്' - ദീപ്‌തി പറഞ്ഞു.