
ടോക്കിയോ: രാഷ്ട്രീയവും ഭരണവും കൈയ്യാളുന്നതിൽ എന്നും ദീർഘവീക്ഷണത്തോടെ ഇടപെട്ടിരുന്ന ഷിൻസോ ആബെ ജനങ്ങളുടെ മനസ്സിൽ എന്നും ജപ്പാൻ രാഷ്ട്രീയത്തിലെ രാജകുമാരനായിരുന്നു.
2006ൽ ആദ്യമായി പ്രധാനമന്ത്രിയായ ഷിൻസോ ആബെ, 2012ൽ വീണ്ടും പ്രധാനമന്ത്രിയായത് മറ്റൊരു ഖ്യാതിയും സമ്മാനിച്ചു. 1948ൽ ഷിഗെരു യോഷിഡ രണ്ടാം തവണയും പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മറ്റൊരാൾ രണ്ടാം വട്ടം ആ പദവിയിലെത്തിയത്.
രണ്ടാം ലോക മഹായുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രൂപപ്പെട്ട ഭരണഘടനയിൽ മാറ്റം വരുത്താൻ ഷിൻസോ ശ്രമിച്ചിരുന്നു. ജപ്പാന് പുറത്ത് സൈനികമായി ഇടപെടാൻ ഭരണഘടന അനുവദിച്ചിരുന്നില്ല. മേഖലയിലെ ആധിപത്യത്തിനായി ചൈന നിരന്തരം ശ്രമിക്കുകയും രണ്ടാം ലോക മഹായുദ്ധകാലത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ദക്ഷിണ കൊറിയയുമായുള്ള ഭിന്നത നിലനിൽക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ ഇതിലൊരു മാറ്റം അനിവാര്യമാണെന്ന് ഷിൻസോ ഉറച്ചുവിശ്വസിച്ചു.
ജപ്പാന്റെയും സഖ്യ രാജ്യങ്ങളുടെയും പ്രതിരോധത്തിന് വിദേശത്ത് സൈനികരെ വിന്യസിക്കാൻ ജപ്പാനെ പ്രാപ്തമാക്കി. ജപ്പാന്റെ സ്വയം പ്രതിരോധം ശക്തിപ്പെടുത്താനുള്ള ഈ നയം 2015ൽ പാർലമെന്റ് അംഗീകരിച്ചത് ഒരു വിഭാഗം ജനങ്ങളുടെ എതിർപ്പ് മറികടന്നാണ്. ആ എതിർപ്പിൽ നിന്ന് ഉരുത്തിരിഞ്ഞതാണോ ഇന്നലെ നടന്ന കൊലപാതകമെന്ന് സംശയിക്കുന്നവരുമുണ്ട്.
എന്നാൽ, ജപ്പാൻ സൈന്യത്തെ ഔദ്യോഗികമായി അംഗീകരിക്കുന്നതിന്, ജപ്പാന്റെ യുദ്ധ - വിരുദ്ധ ഭരണഘടന പരിഷ്കരിക്കുക എന്ന വലിയ ലക്ഷ്യം പൂർത്തിയാക്കാൻ ആബെയ്ക്ക് കഴിഞ്ഞില്ല. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം സ്വന്തം പ്രതിരോധ ആവശ്യങ്ങൾക്ക് മാത്രം സൈന്യമെന്ന വ്യവസ്ഥ ജപ്പാൻ ഭരണഘടനയിലുണ്ട് ( ആർട്ടിക്കിൾ 9 ).
. സൈനിക രംഗത്ത് ജപ്പാനെ ആഗോള ശക്തിയാക്കുക ആബെയുടെ സ്വപ്നമായിരുന്നു. എല്ലാ സേനാ വിഭാഗങ്ങളും ചേരുന്ന സംയുക്ത സൈനിക വ്യൂഹത്തിന് ആബെ അനുമതി നൽകിയിരുന്നു.
ആബെനോമിക്സ് തന്ത്രം
2011ൽ ജപ്പാനെ പിടിച്ചുലച്ച സുനാമയിൽ നിന്ന്
കരകയറാൻ സഹായിച്ചത് 2012ൽ വീണ്ടും പ്രധാനമന്ത്രിയായ ഷിൻസോ ആബെ നടപ്പാക്കിയ സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു. 'ആബെനോമിക്സ്' എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് ആ പരിഷ്കാരങ്ങളെ ലോകം അംഗീകരിച്ചത്. മനുഷ്യ വിഭവശേഷിയിലൂന്നി ഉയിർത്തെഴുന്നേൽപ്പിന് വഴിയൊരുക്കുകയായിരുന്നു ഷിൻസോ.
സ്ത്രീകൾക്ക് തൊഴിൽ മേഖലയിൽ കൂടുതൽ പ്രാതിനിധ്യം, കുടിയേറ്റ നിയമങ്ങളിലെ ഇളവ് തുടങ്ങിയവ ആബെനോമിക്സിന്റെ ഭാഗമായിരുന്നു. ജപ്പാനിലെ അവസരങ്ങളെ ആഗോളതലത്തിൽ തുറന്ന പ്ലാറ്റ്ഫോമുകളിലൊന്നാക്കി മാറ്റാൻ ശ്രമിച്ച ഷിൻസോ, ഉന്നത കമ്പനികളിൽ സ്ത്രീകൾക്ക് സ്ഥാനക്കയറ്റവും അവസരങ്ങളും ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചു.
എന്നാൽ, പിന്നീടുണ്ടായ മാന്ദ്യത്തോടെ ആബെയുടെ നയങ്ങളുടെ ഫലപ്രാപ്തി ചോദ്യം ചെയ്യപ്പെട്ടു. 2020ൽ ജപ്പാൻ മാന്ദ്യത്തിലേക്ക് കടന്നത് സമ്പദ്‌വ്യവസ്ഥയെ വീണ്ടെടുക്കാനുള്ള ഷിൻസോയുടെ ശ്രമങ്ങൾക്ക് വെല്ലുവിളിയായിരുന്നു. കൊവിഡിന്റെ വരവും തിരിച്ചടിയായി.
#രോഗം പിടിമുറുക്കി
2006ൽ ആദ്യമായി പ്രധാനമന്ത്രിയായ ഷിൻസോ അടുത്ത വർഷംതന്നെ സ്ഥാനമൊഴിഞ്ഞു. കുടലിലെ അൾസറായിരുന്നു കാരണം. രോഗം ഭേദമായ പശ്ചാത്തലത്തിലാണ് 2012ൽ പ്രധാനമന്ത്രിയായത്.
2017ലെ തിരഞ്ഞെടുപ്പിലൂടെ മൂന്നാമതും പ്രധാനമന്ത്രിയായി.2020ൽ രോഗം വീണ്ടും പിടിമുറുക്കി. അപ്പോഴേക്കും ഏറ്റവും കൂടുതൽ കാലം ജപ്പാൻ പ്രധാനമന്ത്രിയായിരുന്നതിന്റെ ബഹുമതി അദ്ദേഹത്തിന്റെ പേരിലായി.
ജൂലായ് മാസം സ്വന്തം ഓഫീസിൽ വച്ച് രക്തം ഛർദ്ദിച്ചെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഓഗസ്റ്റിൽ അദ്ദേഹം ടോക്കിയോയിലെ കെയോ യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സ തേടി. ഓഗസ്റ്റ് 28ന് രാജി പ്രഖ്യാപിക്കുകയും ചെയ്തു. അൾസറേറ്റീവ് കോളിറ്റിസ് എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചു.