japan

ടോക്കിയോ: അക്രമിയുടെ വെടിയേറ്റ് മരിച്ച മുൻ പ്രധാനമന്ത്രി ഷിൻസോ ആബേ ജപ്പാൻകാർക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയായിരുന്നു. ജപ്പാനിലും ഒപ്പം ലോകത്തിലും ഏറെ തലപ്പൊക്കം നേടിയ ജനനേതാവാണ് അകാലത്തിൽ അപ്രതീക്ഷിതമായി കാലത്തിന്റെ തിരശ്ശീലയ്ക്കുള്ളിൽ മറഞ്ഞത്. സ്ഥിരതയില്ലാത്ത സർക്കാരുകളിലൂടെ പുരോഗതിയിലേക്ക് മുന്നേറാൻ പാടുപെട്ടിരുന്ന ജപ്പാനെ ആബെയുടെ നീണ്ടകാലത്തെ ഭരണമാണ് ഇന്നുകാണുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. സാമ്പത്തികമായും സൈനികമായും ലോകത്തെ എണ്ണംപറഞ്ഞ രാജ്യങ്ങളിൽ ഒന്നായി ജപ്പാനെ മാറ്റാൻ ദീർഘ ദർശിയായ ആബേയ്ക്കായി. 2020 ലെ ഒളിമ്പിക്സ് നടത്താനുള്ള അവകാശം ടോക്കിയോ നഗരത്തിനു നേടിക്കൊടുത്തത് ആബെയുടെ തിളക്കമുള്ള നേട്ടങ്ങളിൽ ഏറ്റവും പ്രധാനം എന്നാണ് വിലയിരുത്തപ്പെടുന്നത്.രാജ്യത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം അധികാരം കൈയാളാൻ ആബേയെ സഹായിച്ചത് ജനങ്ങളുടെ ഇഷ്ടവും വിശ്വാസവും തന്നെയായിരുന്നു. ഒരു വലതുപക്ഷ ദേശീയ വാദിആയിരുന്നു എന്നും അദ്ദേഹം. യാഥാസ്ഥിതിക ആശങ്ങളോടാണ് അദ്ദേഹം എപ്പോഴും ആഭിമുഖ്യം പുലർത്തിയിരുന്നത്.

shinzo-abe1

1993ലാണ് ജപ്പാന്റെ അധോസഭയായ ഹൗസ് ഒഫ് റപ്രസന്റേറ്റീവ്‌സിലേക്ക് ആബേ തെരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട്, നിർണായക സ്ഥാനത്തെത്തുന്നത് 2005ൽ ചീഫ് ക്യാബിനറ്റ് സെക്രട്ടറിയായതോടെയാണ്. ക്യാബിനറ്റ് സെക്രട്ടറി എന്ന നിലയിൽ മികച്ച പ്രകടനം കാഴ്ചവച്ചതാണ് അദ്ദേഹത്തെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തിച്ചത് . അടുത്ത വർഷം തന്നെ അദ്ദേഹം പാർട്ടിയുടെ പ്രസിഡന്റും ജപ്പാന്റെ പ്രധാനമന്ത്രിയുമായി. പിന്നീട്, ആരോഗ്യപ്രശ്നങ്ങൾ കാരണം 2020ൽ അദ്ദേഹം സ്ഥാനം ഒഴിയുകയായിരുന്നു.

സ്ഥാനമൊഴിഞ്ഞുകൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗം ഏറെ വികാരഭരിതമായിരുന്നു. 'ഞാൻ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കാൻ തീരുമാനിച്ചു, ജനങ്ങൾ ഏൽപ്പിച്ച ജോലി നന്നായി ചെയ്യാൻ കഴിയുമെന്ന ആത്മവിശ്വാസം ഇല്ലെങ്കിൽ പ്രധാനമന്ത്രിയായി തുടരാൻ എനിക്ക് കഴിയില്ല എന്ന വിശ്വാസത്തോടെയാണ് ഞാൻ ഈ തീരുമാനമെടുത്തത്' എന്നാണ് ആബെ പറഞ്ഞത്. ആബേയുടെ വിശ്വസ്തനായ യോഷിഹിതെ സുഗയെയാണ് തുടർന്ന് പ്രധാന മന്ത്രിയായി തെരഞ്ഞെടുത്തത്.

shinzo-abe2

ജപ്പാനെന്നാൽ ആബേ

ഭരണാധികാരികളും രാഷ്ട്രീയക്കാരും പഠിക്കേണ്ട ആദ്യപാഠമാണ് ആബേയുടെ ജീവിതവും ഭരണവും. അത്രയ്ക്കുണ്ട് ആ മനുഷ്യന്റെ ജീവിതത്തിൽ നിന്നും ഭരണത്തിൽ നിന്നും പഠിക്കാൻ. സമ്പന്ന കുടുംബത്തിലായിരുന്നു ജനനം. അദ്ദേഹത്തിന്റെ മാതൃപിതാവ് നോബുസുകെ കിഷി, അധിനിവേശ ചൈനയിലെ യഥാർത്ഥ "സാമ്പത്തിക രാജാവ് എന്നാണ് അറിയപ്പെട്ടരുന്നത്. ജപ്പാനിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി സ്ഥാനം വഹിച്ച നേതാവായിരുന്നു ആബെ. 2006 ൽ ആണ് ആദ്യം അധികാരത്തിലെത്തിയത് 52-ാം വയസിൽ ലിബറൽ ഡമോക്രാറ്റിക് പാർട്ടി പ്രതിനിധിയായി അധികാരമേറ്റ അദ്ദേഹം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായിരുന്നു. ആദ്യം സ്ഥാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ആരോഗ്യകാരണങ്ങളാൽ സ്ഥാനമൊഴിഞ്ഞു. 2012 ൽ വീണ്ടും അധികാരത്തിൽ എത്തി. തുടർന്ന് മൂന്നുതവണ കൂടി തുടർച്ചയായി അധികാരത്തിലെത്തി.

shinzo-abe3

ജപ്പാനെ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി വളരാൻ സഹായിച്ചത് ആബേയുടെ സാമ്പത്തിക നയങ്ങളായിരുന്നു. ‘ആബെനോമിക്സ്’ എന്നാണ് അദ്ദേഹത്തിന്റെ സ്പെഷ്യൽ സാമ്പത്തിക നയങ്ങൾ അറിയപ്പെട്ടിരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ സ്വതന്ത്രമാക്കുകയും ചലനാത്മകമാക്കുകയും ചെയ്യുക എന്നതിനാണ് അദ്ദേഹം പ്രഥമ പരിഗണന നൽകിയത്. അധികം വൈകാതെ തന്നെ ആബേ ഇതിൽ പൂർണമായും വിജയിച്ചു. അതോടെ ജനങ്ങൾക്ക് അദ്ദേഹത്തിലുള്ള വിശ്വാസം കൂടി. ടോക്കിയോയിലെ സെയ്കി യൂണിവേഴ്സിറ്റിയിലും അമേരിക്കയിലെ സതേൺ കലിഫോർണിയ യൂണിവേഴ്സിറ്റിയിലും പൊളിറ്റിക്സ് പഠനവിഷയമായി തിരഞ്ഞെടുത്തതും കോബെ സ്റ്റീൽ കമ്പനിയിൽ കുറച്ചുകാലം പ്രവർത്തിച്ചതുമെല്ലാം സാമ്പത്തിക നയങ്ങൾ വിജയകരമായി നടപ്പാക്കുന്നതിൽ അദ്ദേഹത്തിനെ സഹായിച്ചിട്ടുണ്ട്. അഴിമതിക്കാർക്കും സ്ഥാപിത താൽപ്പര്യക്കാർക്കുമെതിരെ കർശന നിലപാട് സ്വീകരിച്ചതും ജനപിന്തുണ കൂട്ടി.