sreejith

കൊച്ചി: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ റിമാൻഡിലുള്ള നടൻ ശ്രീജിത്ത് രവി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി. മാനസിക രോഗത്തിന് ചികിത്സയിലാണെന്നും മരുന്ന് കഴിക്കാൻ വൈകിയതാണ് സ്വഭാവ വൈകൃതത്തിന് കാരണമായതെന്നുമാണ് ഹർജിയിൽ പറയുന്നത്.

നടന്റെ ജാമ്യാപേക്ഷ ഇന്നു തന്നെ പരിഗണിക്കാൻ സാദ്ധ്യതയുണ്ട്. തൃശൂർ അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നടൻ ഹൈക്കോടതിയെ സമീപിച്ചത്.

നാല് ദിവസം മുൻപ് തൃശൂർ അയ്യന്തോളിലാണ് കേസി‌നാസ്‌പദമായ സംഭവം നടന്നത്. അയ്യന്തോളിലെ എസ് എൻ പാർക്കിന് സമീപം കാർ നിർത്തി പതിനാലും ഒൻപതും വയസുള്ള കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നാണ് നടനെതിരെയുള്ള പരാതി. സമാനമായ രീതിയിൽ ശ്രീജിത്ത് രവിക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു.

2016 ഓഗസ്റ്റ് 27ന് സ്‌കൂളിലേക്ക് പോകുകയായിരുന്ന പെൺകുട്ടികൾക്കടുത്തെത്തിയ ശ്രീജിത്ത് രവി കാറിന്റെ ഡ്രൈവർ സീറ്റിലിരുന്ന് നഗ്നത പ്രദർശിപ്പിക്കുകയും, കുട്ടികൾ ഉൾപ്പെടുന്ന തരത്തിൽ സെൽഫി എടുക്കുകയും ചെയ്‌തെന്നായിരുന്നു പരാതി.

വിദ്യാർത്ഥിനികൾ ബഹളംവച്ചതോടെ നടൻ കാർ ഓടിച്ചുപോയി. വിവരം പെൺകുട്ടികൾ സ്‌കൂൾ അധികൃതരെ അറിയിക്കുകയും ഒറ്റപ്പാലം പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.