
ന്യൂഡൽഹി: വളരെ ദുഖകരമായ വാർത്തയുടെ പശ്ചാത്തലത്തിലാണ് ലോകം. ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസൊ ആബെ കൊല്ലപ്പെട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കുകയായിരുന്ന ഷിൻസോയുടെ നേർക്ക് അക്രമി വെടിയുതിർക്കുകയായിരുന്നു. ഇന്ത്യയും ജപ്പാനുമായി ഏറ്റവും സൗഹൃദപരമായ ബന്ധം സൃഷ്‌ടിക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷിൻസോ ആബെയും നടത്തിയ ശ്രമങ്ങൾ അവരുടെ സൗഹൃദത്തിന്റെ നേർക്കാഴ്‌ച കൂടിയായിരുന്നു.
ഇന്ത്യൻ സന്ദർശന വേളയിൽ സബർമതി ആശ്രമത്തിലും വാരണാസി തീരത്തും ഊഷ്‌മളമായ സ്വീകരണമാണ് മോദി ആബേയ‌്ക്ക് ഒരുക്കിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യ ജപ്പാൻ സന്ദർശന വേളയിൽ, തന്റെ ആരാദ്ധ്യനായ സ്വാമി വിവേകാനന്ദനും ജപ്പാനും തമ്മിലുള്ള ബന്ധം മോദി അനുസ്മരിച്ചിരുന്നു. വിവേകാനന്ദനെക്കുറിച്ചുള്ള പുസ്തകങ്ങളാണ് അന്ന് ആബേയ്ക്ക് മോദി സമ്മാനിച്ചത്.
2007-ലെ അവരുടെ ആദ്യ കൂടിക്കാഴ്ചയ്ക്ക് ഒരു ദശാബ്ദത്തിനു ശേഷവും, മോദിയും ആബേയും തങ്ങളുടെ വ്യക്തിപരമായ ബന്ധത്തിന് പുതിയ മാനങ്ങൾ നൽകി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിയുകയും, പരസ്‌പരം പാചകരീതിയും സംസ്കാരവും പരിചയപ്പെടുത്തുകയും ചെയ്തുകൊണ്ട് വിജയപാത തെളിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരവും സാമ്പത്തികവുമായ ബന്ധങ്ങൾക്ക് അത് വഴിയൊരുക്കി.

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ ജപ്പാനോട് മോദിക്ക് പ്രത്യേക അടുപ്പമുണ്ട്. ഡോക്‌ലാമിൽ ചൈനയുമായുള്ള തർക്കത്തിൽ ഇന്ത്യയെ പിന്തുണയ്ക്കാൻ ടോക്കിയോയും മടിച്ചില്ല.
ചൈനയുടെ വൺ ബെൽറ്റ് വൺ റോഡ് (OBOR) പദ്ധതി കര ഇടനാഴിയെ ചുറ്റിപ്പറ്റിയുള്ളതാണെങ്കിൽ, ഇന്ത്യയെയും ജപ്പാനെയും ആഫ്രിക്കയും തെക്കുകിഴക്കൻ ഏഷ്യയുമായി ബന്ധിപ്പിക്കുന്ന സമുദ്ര ഇടനാഴിയായ ഏഷ്യ-ആഫ്രിക്ക ഗ്രോത്ത് കോറിഡോറിലാണ് (AAGC) മോദിയും ആബേയും ശ്രദ്ധ കേന്ദ്രീകരിച്ചത്. ഗാന്ധിനഗറിൽ നടന്ന ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്കിന്റെ (എഡിബി) യോഗത്തിൽ മോദി എഎജിസി പ്രഖ്യാപനം നടത്തി.
പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ, ബംഗ്ലാദേശ് എന്നിവയുൾപ്പെടെ ഇന്ത്യയുടെ അയൽരാജ്യങ്ങൾ OBOR-ൽ പങ്കെടുക്കാൻ സമ്മതിച്ച 20 രാജ്യങ്ങളിൽ ഉൾപ്പെടുന്നു. ആ സമയത്തും ഇന്ത്യൻ മഹാസമുദ്രത്തിലെ ചൈനയുടെ തന്ത്രപരമായ ഉദ്ദേശ്യങ്ങളെ ചെറുക്കാനുള്ള ഒരു മാർഗമായാണ് AAGCയെ ഇന്ത്യയും ജപ്പാനും കണ്ടത്.

ഇരു രാജ്യങ്ങൾക്കും ഗുണകരമാകുന്ന നയതന്ത്ര തീരുമാനങ്ങൾ കൈകൊണ്ടുകൊണ്ട് മോദിയും ആബേയും തങ്ങളുടെ സൗഹൃദ രസതന്ത്രം പരമാവധി പ്രയോജനപ്പെടുത്തി. 2012-ലെ ജപ്പാൻ പര്യടനത്തിനിടെയാണ് മോദി ബുള്ളറ്റ് ട്രെയിനിൽ യാത്ര ചെയ്തത്. അത്തരം ഗതാഗത സാങ്കേതികവിദ്യ ഇന്ത്യയിലേക്ക് എത്തിക്കേണ്ടതിന്റെ ആവശ്യകത മോദി മനസിലാക്കി. ഇത് സാക്ഷാത്കരിക്കുന്നതിന് പൂർണ പിന്തുണ ആബേ വാഗ്‌ദ്ധാനം ചെയ‌്തു. തുടർന്ന് ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിനിന് സബർമതി റെയിൽവേ സ്റ്റേഷനിൽ മോദി തറക്കല്ലിട്ടത് ആബേയ‌്‌ക്കൊപ്പമാണ്. അന്നത്തെ പ്രസംഗം "ജയ് ജപ്പാൻ, ജയ് ഇന്ത്യ" എന്ന് അവസാനിപ്പിച്ച ആബേ, മോദിയെ ദീർഘവീക്ഷണമുള്ള നേതാവെന്നാണ് വിശേഷിപ്പിച്ചത്.
ട്വിറ്ററിൽ സജീവമായ നാളുകളിൽ ആബേ ഫോളോ ചെയ്‌തിരുന്നത് മൂന്ന് വ്യക്തികളെയായിരുന്നു, അതിൽ ഒരാളുടെ പേര് നരേന്ദ്ര മോദി എന്നായിരുന്നു. ഭാര്യ അക്കി, എഴുത്തുകാരനായ നവോക്കി ഇനോസ് എന്നിവരായിരുന്നു മറ്റു രണ്ടുപേർ. 2014ൽ മോദി ക്വാട്ടോയിൽ എത്തിയപ്പോൾ 500 കി.മീ അധികം സഞ്ചരിച്ചാണ് സ്വീകരിക്കാനായി ഷിൻസോ ആബേ എത്തിയത്.
Sharing a picture from my most recent meeting with my dear friend, Shinzo Abe in Tokyo. Always passionate about strengthening India-Japan ties, he had just taken over as the Chairman of the Japan-India Association. pic.twitter.com/Mw2nR1bIGz
— Narendra Modi (@narendramodi) July 8, 2022
ജപ്പാന് മാത്രമല്ല ഇന്ത്യയ്‌ക്കും ഏറെ പ്രിയങ്കരനായിരുന്നു ആബേ. ഉറ്റ സുഹൃത്തിനെയാണ് നഷ്‌ടമായതെന്ന മോദിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നു തന്നെയാണ്. ജപ്പാനെ ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു ആബേയെന്നും മോദി ട്വീറ്റ് ചെയ്തു. നാളെ രാജ്യത്ത് ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയുടെ വാക്കുകൾ കടമെടുത്താൽ ഓരോ ഇന്ത്യക്കാരന്റെയും പ്രാർത്ഥനയിലും ചിന്തയിലും ഷിൻസോ ആബേ എന്ന മഹാനായ നേതാവിന് സ്ഥാനമുണ്ടാകും.