qatar

ദോഹ: 2022 ലെ ഫു‌‌ട്ബോൾ ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയങ്ങൾ മദ്യരഹിതമാക്കാൻ ഒരുങ്ങുന്നു. ലോകകപ്പ് മത്സരങ്ങൾക്കിടയിൽ സ്റ്റേഡിയത്തിനകത്തോ പുറത്തോ മദ്യം നൽകില്ലെന്ന് അധികൃതർ വ്യക്തമാക്കി. മദ്യത്തിന്റെ വിതരണം പഞ്ചനക്ഷത്ര ഹോട്ടലുകളിലും മറ്റ് തിരഞ്ഞെടുത്ത വേദികളിലുമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്.

അതേസമയം, ഖത്തറിൽ പൊതു മദ്യപാനം നിയമവിരുദ്ധമാണെങ്കിലും, യാത്ര ചെയ്യുന്ന ആരാധകർക്കായി പ്രത്യേക സോണുകൾ തയ്യാറാക്കാൻ സംഘാടകർ പദ്ധതിയിടുന്നുണ്ട്. ഖത്തറിൽ ചുരുക്കം ചില ക്ലബ്ബുകളിലും ഹോട്ടലുകളിലും മാത്രമേ മദ്യം വാങ്ങാൻ കഴിയൂ. അവിടെ വിലയും അധികമാണ്.

ലോകകപ്പിനെത്തുന്ന ഫു‌ട്ബോൾ ആരാധകർക്കിടയിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് മദ്യം. ആരാധകരും സ്‌പോൺസർമാരും മദ്യ നിരോധനത്തിന് നേരെയുള്ള അസ്വസ്ഥത പ്രകടിപ്പക്കുന്നുണ്ട്. മുൻപ് ഫിഫയുടെ സമ്മർദ്ദത്തെത്തുടർന്ന് 2014 ലോകകപ്പിനോടനുബന്ധിച്ച് ബ്രസീലിലെ സ്റ്റേഡിയങ്ങളിൽ നിലനിന്നിരുന്ന മദ്യനിരോധനം നീക്കിയിരുന്നു. 2010-ൽ, മദ്യ നിരോധനം നിലവിലുള്ള അറബ് രാജ്യം ആതിഥേയാവകാശം നേടിയത് മുതൽ ടൂർണമെന്റിലെ മദ്യ ഉപയോഗത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്ന് തുടങ്ങിയിരുന്നു.

നേരത്തെ ലോകകപ്പിനെത്തുന്ന അവിവാഹിതരായ കാണികൾക്ക് ലൈംഗിക നിരോധനം നടപ്പിലാക്കാൻ ഖത്തർ തീരുമാനിച്ചിരുന്നു. ഇക്കൂട്ടർ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിഞ്ഞാൽ ഏഴ് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. അവിവാഹിതരായ സ്ത്രീ പുരുഷൻമാർക്ക് ഷെയർ ചെയ്ത് റൂം വാടകയ്ക്ക് എടുക്കുവാനും വിലക്കുണ്ട്. വ്യത്യസ്ത കുടുംബപ്പേരുകളുള്ള അവിവാഹിതരെ ബുക്കിംഗിൽ നിന്നും വിലക്കുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിവാഹത്തിന് മുൻപുള്ള ലൈംഗിക ബന്ധം വിലക്കുന്ന രാജ്യമാണ് ഖത്തർ. പൊതുസ്ഥലത്ത് ശരീരം ശരിയായി മറയ്ക്കപ്പെടാത്ത വസ്ത്രം ധരിക്കുന്നതും കുറ്റകരമാണ്. പുരുഷന്മാരും സ്ത്രീകളും പരസ്യമായി സ്‌നേഹം പ്രകടിപ്പിക്കുന്നതിനും ഇവിടെ വിലക്കുണ്ട്. എന്നാൽ ലോകക്കപ്പിന് മുന്നോടിയായി ചില നിയമങ്ങൾ എങ്കിലും ഖത്തർ ലഘൂകരിക്കും എന്ന് കരുതിയിരിക്കുമ്പോഴാണ് സ്റ്റേഡിയങ്ങൾ മദ്യരഹിതമാക്കാനുള്ള തീരുമാനം രാജ്യം കെെക്കൊള്ളുന്നത്.