മോഹൻലാലിന്റെ മോൺസ്റ്ററും ഫഹദ് ഫാസിലിന്റെ മലയൻകുഞ്ഞും ഓണം റിലീസ്

mohanlal

പുലിമുരുകനുശേഷം മോഹൻലാലും സംവിധായകൻ വൈശാഖും ഒരുമിക്കുന്ന മോൺസ്റ്റർ ഓണം റിലീസായി തിയേറ്ററിൽ എത്തും. ഒ.ടി.ടി റിലീസായി നിശ്ചയിച്ച ചിത്രം തിയേറ്റർ റിലീസായി എത്തുകയാണ്. ജീത്തുജോസഫിന്റെ ദൃശ്യം 2, പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, ജീത്തു ജോസഫ് ഒരുക്കിയ ട്വൽത്ത് മാൻ എന്നീ മോഹൻലാൽ ചിത്രങ്ങൾ ഒ.ടി.ടി പ്ളാറ്റ്‌ഫോമിലാണ് സ്ട്രീം ചെയ്തത്. ആറാട്ട് ആണ് അവസാനം തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രം. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹൻലാൽ മോൺസ്റ്ററിൽ എത്തുന്നത്. തെലുങ്ക് നടൻ മോഹൻ ബാബുവിന്റെ മകൾ ലക്ഷ്‌മി മഞ്ജു ആണ് ചിത്രത്തിലെ നായിക. ലക്ഷ്‌മി മഞ്ജുവിന്റെ ആദ്യ മലയാള ചിത്രംകൂടിയാണ്. ഹണിറോസ്, സുദേവ് നായർ എന്നിവരാണ് മറ്റു താരങ്ങൾ. ഉദയകൃഷ്ണ രചന നിർവഹിക്കുന്ന ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. എന്നാൽ മോഹൻലാൽ, ഷാജി കൈലാസ് ചിത്രം എലോൺ ഒ.ടി.ടി പ്ളാറ്റ്‌ഫോമിലാണ് സ്ട്രീം ചെയ്യുക. അടുത്ത മാസം റിലീസ് ചെയ്യാനാണ് ആലോചന. സീ യു സൂൺ, ഇരുൾ, ജോജി എന്നീ ചിത്രങ്ങൾക്കുശേഷം ഒ.ടി.ടി പ്ളാറ്റ്‌ഫോമിൽ നേരിട്ട് സ്ട്രീം ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രമാണ് മലയൻകുഞ്ഞ്. മാലിക്ക് ആണ് അവസാനം തിയേറ്ററിൽ എത്തിയ ഫഹദ് ഫാസിലിന്റെ മലയാള ചിത്രം. പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അതിജീവനത്തിന്റെ കഥ പറയുന്ന മലയൻകുഞ്ഞ് നവാഗതനായ സജി മോൻ സംവിധാനം ചെയ്യുന്നു. ആമസോൺ പ്രൈമിൽ ചിത്രം സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. രജീഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി എന്നിവരാണ് മറ്റു താരങ്ങൾ. മഹേഷ് നാരായണൻ ആണ് ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും. മഹേഷ് നാരായണൻ ആദ്യമായി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ്. ഫാസിൽ ആണ് മലയൻകുഞ്ഞിന്റെ നിർമ്മാണം. പതിനെട്ടുവർഷങ്ങൾക്കുശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈകോർക്കുകയാണ്.ഏ.ആർ. റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്നു.