india-hockey

ആംസ്റ്റൽവീൻ: വനിതാ ഹോക്കി ലോകകപ്പിൽ പൂൾ ബിയിൽ തങ്ങളുടെ അവസാന മത്സരത്തിൽ ന്യൂസിലൻഡിനോട് 3-4ന് തോറ്റെങ്കിലും ക്വാർട്ടർ പ്രതീക്ഷ നിലനിറുത്തി ഇന്ത്യ. ഇന്ന് സ്പെയിനെതിരെ നടക്കുന്ന ക്രോസ് ഓവർ മത്സരത്തിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ കയറാം. പൂൾബിയിൽ 7 പോയിന്റുമായി ന്യൂസിലൻഡാണ് ഒന്നാമത്. 4 പോയിന്റുള്ള ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തും 2പോയിന്റ് വീതമുള്ള ഇന്ത്യയും ചൈനയും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിലുമാണ്. ഗോൾശരാശരിയാണ് ഇന്ത്യയെ ചൈനയ്ക്കു മുന്നിലെത്തിച്ചത്.

ടൂർണമെന്റിലെ നിയമാവലി പ്രകാരം നാല് പൂളിലേയും ചാമ്പ്യൻമാരായ ടീമുകൾ നേരിട്ട് ക്വാർട്ടർ ഉറപ്പിക്കും. ക്വാർട്ടറിലെ ബാക്കി നാല് സ്ഥാനങ്ങൾക്ക് ഓരോ പൂളിലും രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തവരിൽ നിന്ന് ക്രോസ് ഓവർ മത്സരങ്ങളിൽ വിജയിച്ച ടീമുകൾക്കാണ് അവകാശം. പൂൾ സിയിലെ രണ്ടാം സ്ഥാനക്കാരും സഹ ആതിഥേയരുമായ സ്പെയിനെതിരായ ക്രോസ് ഓവർ മത്സരം വിജയിച്ചാൽ ഇന്ത്യയ്ക്ക് ക്വാർട്ടറിൽ എത്താം.

ഇന്നലെ ഇന്ത്യയ്ക്കെതിരെ ന്യൂസിലൻഡിനായി ഒലിവിയ മേരി ബ്രെയിസ് ഇരട്ടഗോളുകൾ നേടി തിളങ്ങിയപ്പോൾ ടെസ്സ ജോപ്പും, ഫ്രാൻസെസ് ഡേവിസും ഓരോ ഗോൾ വീതം നേടി. ഇന്ത്യയ്ക്കായി വന്ദന കതാരിയ, ലാൽറെംസിയാമി, ഗുർജിത് കൗർ എന്നിവരാണ് ലക്ഷ്യം കണ്ടത്.

ക്വാർട്ടർ ഉറപ്പിച്ചത്: നെതർലൻഡ്സ്, ന്യൂസിലൻഡ്, അർജന്റീന, ആസ്ട്രേലയ.