
ലോസാഞ്ചലസ് : 'ദ ഗോഡ്ഫാദർ' സിനിമയിലെ 'സണ്ണി കോർലിയോണി' എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ ഹോളിവുഡ് നടൻ ജെയിംസ് കാൻ അന്തരിച്ചു. 82 വയസായിരുന്നു. ബുധനാഴ്ച വൈകിട്ട് യു.എസിലെ ലോസാഞ്ചലസിൽ വച്ചായിരുന്നു അന്ത്യം. 1972ൽ ഫ്രാൻസിസ് കപ്പൂള സംവിധാനം ചെയ്ത 'ദ ഗോഡ് ഫാദറി"ലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഓസ്‌കാർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാരങ്ങൾക്ക് നാമനിർദ്ദേശം ലഭിച്ചിരുന്നു.
റോളർ ബാൾ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സാറ്റേൺ പുരസ്‌കാരം നേടി. ദ ഗ്ലോറി ഗയ്സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടനും ദ ഗാംബ്ലർ, ഫണ്ണി ലേഡി തുടങ്ങിയ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരത്തിനും നാമനിർദ്ദേശം ലഭിച്ചു. 1960കളിലാണ് കാൻ അഭിനയജീവിതം ആരംഭിച്ചത്. 1966ലെ എൽ ഡൊറാഡോ, 1967ലെ കൗണ്ട് ഡൗൺ, ദ റെയിൻ പീപ്പിൾ (1969), ബ്രയാൻസ് സോംഗ് (1971), സിൻഡ്രല്ല ലിബർട്ടി (1973), മിസറി (1990), തീഫ് (1981), ബോട്ടിൽ റോക്കറ്റ് (1996) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ഗോഡ് ഫാദറിന്റെ (1974) രണ്ടാം ഭാഗത്തിൽ അതിഥിവേഷത്തിലെത്തിയിരുന്നു. 1940ൽ ന്യൂയോർക്കിലെ ബ്രോൺക്‌സിൽ കശാപ്പുകാരനായ ആർതർ-സോഫി ദമ്പതികളുടെ മൂന്നു മക്കളിലൊരാളായാണ് ജനനം. ന്യൂയോർക്ക് സിറ്റിയിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ഉപരിപഠനം പൂർത്തിയാക്കി. ഫുട്‌ബാൾ കളിക്കാനിഷ്ടമായിരുന്നു. ന്യൂയോർക്കിലെ ഹഫ്സ്ത്ര സർവകലാശാലയിലെ പഠനകാലത്താണ് സിനിമയിലേക്കെത്തുന്നത്. തുടർന്ന് പ്ലേഹൗസ് സ്‌കൂൾ ഒഫ് തിയേറ്ററിൽ ചേർന്ന് അഭിനയം പഠിച്ചു. വില്ല്യം ഗോൾഡ്മാന്റെ നാടകത്തിൽ അഭിനയിച്ചാണ് കലാജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു. 1980കളുടെ തുടക്കത്തിൽ ലഹരി ഉപയോഗിച്ച് തുടങ്ങിയ ജെയിംസ്, 81ൽ ലുക്കീമിയ ബാധിച്ച് സഹോദരി മരിച്ചതോടെ മാനസികമായി തകർന്നു. വർഷങ്ങളോളം വിഷാദരോഗത്തിനടിമയായി. കൊക്കെയിനായിരുന്നു കൂട്ട്. പിന്നീട് 1990ൽ മിസറിയിലൂടെ ഉജ്ജ്വല തിരിച്ചുവരവ് നടത്തി. നാലുതവണ വിവാഹിതനായെങ്കിലും എല്ലാവരിൽ നിന്നും വിവാഹമോചനം നേടി. നാല് മക്കളുണ്ട്.