kk

ജപ്പാന് ആധുനികമുഖം നൽകുന്നതിൽ നിർണായക പങ്കുവഹിച്ച രാഷ്ട്രനേതാവായിരുന്നു ഷിൻസോ ആബെ. ജപ്പാനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അക്രമിയുടെ വെടിയേറ്റു മരിച്ചത് ജപ്പാന് മാത്രമല്ല ലോകരാജ്യങ്ങൾക്കാകെ നടുക്കവും ഉത്‌കണ്ഠയും സൃഷ്ടിച്ചിട്ടുണ്ട്. പൊതുവേ സമാധാനകാംക്ഷികളായ ജനങ്ങളുടെ നാടാണ് ജപ്പാൻ. രണ്ടാം ലോക മഹായുദ്ധത്തിന്റെ അന്ത്യത്തിൽ അണുബോംബിന്റെ ദുരന്തം എല്ലാ വ്യാപ്തിയിലും അനുഭവിച്ച ജപ്പാൻ ജനതയെ തോക്ക് സംസ്‌കാരം ബാധിച്ചിട്ടില്ല. അങ്ങനെയാെരു രാജ്യത്ത് ജനങ്ങൾക്ക് ഏറ്റവും പ്രിയങ്കരനായ നേതാവ് പകൽനേരത്ത് കൊല്ലപ്പെട്ട സംഭവം സമാധാന പ്രേമികളായ എല്ലാവരേയും ആശങ്കാകുലരാക്കുന്നു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആബെയുടെ വിയോഗത്തിലൂടെ ആത്മമിത്രത്തെയാണ് നഷ്ടമായത്. ജീവനുള്ള കാലത്തോളം ഇന്ത്യയുടെ സുഹൃത്തായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവായിരുന്നു ഷിൻസോ ആബെ. 2014 ൽ ഇന്ത്യൻ റിപ്പബ്ളിക്ക് ദിനത്തിലെ മുഖ്യാതിഥിയായിരുന്നു അദ്ദേഹം. അന്ന് പ്രധാനമന്ത്രിയായിരുന്ന മൻമോഹൻസിംഗിന്റെ ക്ഷണം സ്വീകരിച്ചാണ് ആബെ എത്തിയത്. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന വേളയിൽ ആബെയുമായി നല്ലബന്ധം പുലർത്തിയിരുന്നു. മോദി പ്രധാനമന്തിയായപ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുപ്പം കൂടുതൽ ശക്തമായി. പ്രധാനമന്ത്രിയായ ശേഷം മോദി ആദ്യം സന്ദർശിച്ച രാജ്യങ്ങളിലൊന്ന് ജപ്പാനായിരുന്നു.

മികച്ച രാജ്യതന്ത്രജ്ഞനും ഭരണാധികാരിയുമായ ആബെ എക്കാലവും ഇന്ത്യയുടെ അഭ്യുദയകാംക്ഷിയായിരുന്നു. ഇന്ത്യ-ജപ്പാൻ ബന്ധം സുദൃഢമാക്കുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവില്ല. അനവധി തവണ ആബെ ഇന്ത്യ സന്ദർശിച്ചിട്ടുണ്ട്.

2021 ൽ രാജ്യത്തെ പരമോന്നത ബഹുമതികളിൽ പ്രധാനമായ പദ്മവിഭൂഷൺ നൽകിയാണ് ആബെയോടുള്ള സ്നേഹവും ആദരവും ഇന്ത്യ പ്രകടമാക്കിയത്.

ഇന്ത്യയിൽ മുതൽമുടക്കുന്നതിനും വികസന പദ്ധതികളിൽ പങ്കാളിയാകുന്നതിനും ജപ്പാൻ മുൻകൈയെടുത്തത് ആബെ പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതിയിലടക്കം ഒട്ടേറെ വികസന പദ്ധതികളിലും വ്യാപാര ഇടപാടുകളിലും ജപ്പാന് ഇന്ത്യയുമായി സഹകരണമുണ്ട്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലും ചില സംരംഭങ്ങളിൽ പങ്കുചേരാൻ ജപ്പാൻ മുന്നോട്ടുവന്നതും ആബെയും മോദിയും തമ്മിലുള്ള ആഴമാർന്ന സൗഹൃദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. ഉറ്റസുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചന സന്ദേശത്തിൽ പറഞ്ഞതും ബന്ധത്തിന്റെ ഊഷ്മളതയാലാണ് .

ജപ്പാനിൽ അധികാര പദവികൾ വഹിച്ച വലിയൊരു കുടുംബത്തിന്റെ പിന്തുടർച്ചക്കാരനാണ് ഷിൻസോ ആബെ. അദ്ദേഹത്തിന്റെ മുത്തച്ഛനും അമ്മാവനും ജപ്പാന്റെ പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്. അച്ഛൻ ഷിൻഡാരൊ ആബെ വിദേശകാര്യമന്ത്രിയായിരുന്നു. എന്നാൽ ഇവരേക്കാളെല്ലാം ജപ്പാൻ ജനതയുടെ ഹൃദയത്തിലിടം നേടിയ നേതാവായി ഷിൻസോ ആബെ വളർന്നു. പഠനശേഷം സ്റ്റീൽ കമ്പനിയിൽ ജോലിയിൽ പ്രവേശിച്ച ആബെ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറി. അച്ഛൻ വിദേശകാര്യമന്ത്രിയായിരുന്ന വേളയിൽ അദ്ദേഹത്തിന്റെ സെക്രട്ടറിയായും പ്രവർത്തിച്ചു. 1993 ലാണ് ജപ്പാൻ പാർലമെന്റിന്റെ അധോസഭയായ ഡയറ്റിലേക്ക് ആബെ തിരഞ്ഞെടുക്കപ്പെടുന്നത്. പിന്നീട് സുപ്രധാന പദവികൾ പലതും അദ്ദേഹത്തെ തേടിയെത്തി. ഉത്തര കൊറിയയുടെ ജപ്പാൻവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ആഞ്ഞടിച്ച ആബെ അതിവേഗം ജാപ്പനീസ് ജനതയുടെ പ്രിയങ്കരനായി മാറി.

പ്രധാനമന്ത്രിയായിരുന്ന കൊയ്സുമി ജുനിചുറോ രാജിവച്ചപ്പോഴാണ് ആബെ 2006 ൽ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. ജപ്പാനിൽ അധികാരത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായ ആബെ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജനിച്ച് ജപ്പാനിൽ പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യവ്യക്തിയുമായിരുന്നു. പ്രധാനമന്ത്രിയായി ഒരുവർഷത്തിനു ശേഷം അനാരോഗ്യത്താൽ സ്ഥാനമൊഴിഞ്ഞ അദ്ദേഹം 2012 ൽ പൂർണ ആരോഗ്യവാനായാണ് പദവിയിൽ തിരിച്ചെത്തിയത്. പിന്നീട് തുടർച്ചയായി ആബെയെ ജനങ്ങൾ അധികാരത്തിലേറ്റിക്കൊണ്ടിരുന്നു. വൻ കുടലിലെ രോഗം വഷളായപ്പോൾ 2020 ൽ അദ്ദേഹം പ്രധാനമന്ത്രി പദവിയൊഴിഞ്ഞു. തുടർന്നും തന്റെ പാർട്ടിയുടെ ചോദ്യം ചെയ്യപ്പെടാത്ത നേതാവെന്ന നിലയിൽ അദ്ദേഹത്തിന്റെ വാക്കുകൾക്കും നിലപാടുകൾക്കും ജപ്പാൻ ഭരണകൂടം വലിയവില കൽപ്പിച്ചിരുന്നു.

ജപ്പാനെ ഒരു സാമ്പത്തിക ശക്തിയായി വളർത്തിയത് ആബെയുടെ നയങ്ങളായിരുന്നു. ആബെനോമിക്സ് എന്നറിയപ്പെട്ട അദ്ദേഹത്തിന്റെ സാമ്പത്തിക കാഴ്ചപ്പാടുകൾ ദീർഘവീക്ഷണമുള്ളതായിരുന്നു. ഇലക്ട്രോണിക്സ് സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടത്തിനു പിന്നിലും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തുന്നതിലും ആബെയുടെ കരങ്ങളുണ്ടായിരുന്നു. ജപ്പാനെ കൂടുതൽ ആഗോളവത്കൃതമാക്കുന്നതിലും ലോകരാജ്യങ്ങൾക്ക് അവഗണിക്കാനാവാത്ത ശക്തിയായി ഒരു തുറന്നസമൂഹമാക്കി മാറ്റുന്നതിലും ആബെ നൽകിയ സംഭാവനകൾ ജപ്പാന് ഒരുകാലത്തും മറക്കാനാവില്ല. ഹിരോഷിമ നാഗസാക്കി ദുരന്തങ്ങൾക്കുശേഷം സൈനികശേഷിയിൽ ശ്രദ്ധപതിപ്പിക്കാതിരുന്ന രാജ്യത്തെ സൈനികശക്തിയാക്കി മാറ്റിയതും ആബെയായിരുന്നു. അതിനെതിരെ ഉയർന്ന എതിർപ്പുകളെയെല്ലാം അദ്ദേഹം അതിജീവിച്ചു.

സെൻകാക്കു ദ്വീപസമൂഹത്തിലും മറ്റും ചൈന നടത്തുന്ന അധിനിവേശത്തെ തന്ത്രപൂർവമാണ് ആബെ പ്രതിരോധിച്ചത് . ജപ്പാനും ഇന്ത്യയും അമേരിക്കയും ആസ്ട്രേലിയയുമായി ചേർന്ന് ക്വാഡ് എന്ന ചതുർരാഷ്ട്ര സഖ്യം രൂപീകരിച്ചതിൽ പ്രധാന പങ്കുവഹിച്ചതും ആബെയായിരുന്നു.

അകാലത്തിൽ മൃതിയടഞ്ഞ നേതാവിന്റെ വിയോഗത്തിൽ ജാപ്പനീസ് ജനത അതീവദു:ഖത്തിലാണ്. ആബെയോടുള്ള ആദരസൂചകമായി ഇന്ത്യയും ഇന്ന് ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ജപ്പാന്റെ ചരിത്രത്തിൽ എന്നെന്നും ഓർമ്മിക്കുംവിധം സുവർണലിപികളാൽ കാലം ഷിൻസോ ആബെയുടെ പേര് രേഖപ്പെടുത്തുമെന്നതിൽ സംശയമില്ല.