
തിരുവനന്തപുരം: എകെജി സെന്റർ ആക്രമണത്തിൽ പ്രതികളെ ഇനിയും പിടികൂടാൻ കഴിയാത്തതിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാത്രികാലത്ത് നടന്ന സംഭവമായതിനാൽ പ്രതികളെ പിടികൂടാൻ താമസമെടുക്കുമെന്ന് കോടിയേരി പ്രതികരിച്ചു. കൃത്യമായ അന്വേഷണം നടത്തികൊണ്ടു മാത്രമേ പ്രതികളെ പിടിക്കാൻ സാധിക്കൂവെന്നും, ഊർജിതമായ അന്വേഷണം പൊലീസ് നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എ.കെ ജി സെന്ററിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവെച്ചത് ഉചിതവും സന്ദർഭോചിതവുമായ നടപടിയാണെന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. പുതിയ മന്ത്രിയുടെ കാര്യമോ മന്ത്രിസഭാ വികസനമോ ഇപ്പോൾ ചർച്ചചെയ്തിട്ടില്ല. ഭരണഘടന അംഗീകരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയാണ് സിപിഎം. തന്റെ പ്രസംഗത്തിൽ ചില വീഴ്ചകൾ സംഭവിച്ചുവെന്ന് മനസ്സിലാക്കിയ സജി ചെറിയാൻ പെട്ടെന്ന് തന്നെ രാജിവെക്കാൻ സന്നദ്ധമായി. ഉന്നതമായ ജനാധിപത്യ മൂല്യമാണ് അദ്ദേഹം ഉയർത്തിപ്പിടിച്ചത്. ഒരു മാതൃക കൂടിയാണ് അദ്ദേഹം സ്വീകരിച്ചത്. ഈ സംഭവം ദൂരവ്യാപകമായി ചർച്ചചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും രാജിവെച്ചതോടെ ആ പ്രശ്‌നങ്ങളെല്ലാം ഇപ്പോൾ അപ്രസക്തമായിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി.
സജി ചെറിയാൻ പറഞ്ഞതെല്ലാം ശരിയായിരുന്നെങ്കിൽ പിന്നെ അദ്ദേഹം രാജിവെക്കേണ്ട എന്നനിലപാടല്ലേ പാർട്ടി പറയുകയെന്നും ചോദ്യത്തിന് മറുപടിയായി കോടിയേരി പറഞ്ഞു. അദ്ദേഹത്തിന് സംസാരിച്ച കൂട്ടത്തിൽ ചില തെറ്റുപറ്റിയിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പരസ്യമായി പറഞ്ഞല്ലോവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ന്യായീകരിച്ചു.