p

കോഴിക്കോട്: ആർ.എം.പി നേതാവും എം.എൽ.എയുമായ കെ.കെ.രമയ്‌ക്കെതിരെ അധിക്ഷേപവുമായി സി.പി.എം കേന്ദ്രകമ്മറ്റി അംഗവും എം.പിയുമായ എളമരം കരീം. പ്രസ്ഥാനത്തെ ഒറ്റു കൊടുത്തതിനുള്ള പാരിതോഷികമാണ് രമയുടെ എം.എൽ.എ സ്ഥാനമെന്നും, ഇത്തരമൊരു പദവി കിട്ടിയെന്നോർത്ത് അധികം അഹങ്കരിക്കേണ്ടെന്നും കരീം പറഞ്ഞു.

കുറച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കാനും അവരെ കൂടെ നിർത്താനും കഴിയുന്നതിന്റെ അഹങ്കാരത്തിൽ, സമ്മേളനങ്ങൾ, റെവല്യൂഷണറി കമ്യൂണിസ്റ്റ് പാർട്ടി, റെവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടി എന്നൊക്കെ പറഞ്ഞ് ചിലയിടങ്ങളിൽ വലിയ പ്രകടനങ്ങൾ നടന്നിട്ടുണ്ട്. എന്താണ് ഇവരുടെ റെവലൂഷണറി. ആ സംഘത്തിന്റെ നിഗൂഢമായ ചതിയുടെ രക്തസാക്ഷിയാണ് സി.എച്ച് അശോകനെന്നും എളമരം പറഞ്ഞു. ടി.പി വധക്കേസിൽ ഒൻപതാം പ്രതിയായിരുന്നു സി.എച്ച് അശോകൻ.

അതേ സമയം, താൻ നിയമസഭയിലെടുക്കുന്ന നിലപാടാണ് സി.പി.എം നേതാക്കളെ പ്രകോപിപ്പിക്കുന്നതെന്നായിരുന്നു കെ.കെ.രമയുടെ മറുപടി. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയവും അതിൽ സ്വീകരിച്ച നിലപാടുകളും സി.പി.എം നേതൃത്വത്തെ വിറളി പിടിപ്പിച്ചിട്ടുണ്ടെന്നും രമ പറഞ്ഞു.