
ചെന്നൈ: സംശയത്തിന്റെ പേരിൽ പതിനെട്ടുകാരിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. തമിഴ്‌നാട് വെല്ലൂർ സ്വദേശിയായ സതീഷ് (20) ആണ് പിടിയിലായത്. അടുപ്പത്തിലായിരുന്ന പെൺകുട്ടിക്ക് മറ്റൊരാളുമായി പ്രണയബന്ധമുണ്ടെന്ന് സംശയിച്ചിരുന്നതായി പ്രതി പൊലീസിനോട് സമ്മതിച്ചു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
വെല്ലൂരിലെ സ്വകാര്യ കോളേജിൽ ബിഎസ് സി ഒപ്‌ടോമെട്രിക്‌സ് വിദ്യാർത്ഥിയാണ് സതീഷ്. റാണിപേട്ടയിലെ മറ്റൊരു കോളേജിലെ പാര മെഡിക്കൽ വിദ്യാർത്ഥിയായ പെൺകുട്ടിയുമായി മൂന്ന് വർഷമായി പ്രണയത്തിലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന പേരിൽ സതീഷ് നിരന്തരം പെൺകുട്ടിയുമായി വഴക്കിടുമായിരുന്നു.
കഴിഞ്ഞദിവസം കോളേജിൽ പോകാനായി ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോഴും പെൺകുട്ടിയെ പിന്തുടർന്ന് ഇയാൾ ശല്യപ്പെടുത്തി. ഇരുവർക്കുമിടയിൽ വാക്കുതർക്കമായതോടെ കൈയിലുണ്ടായിരുന്ന പേനാക്കത്തിയെടുത്ത് പെൺകുട്ടിയുടെ കഴുത്തിലും മുഖത്തും കുത്തുകയായിരുന്നു. പിന്നാലെ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരാണ് പിടിച്ച് പൊലീസിൽ ഏൽപ്പിച്ചത്.