fire-wood

ആലപ്പുഴ : വിപണിയിലെ വിലക്കയറ്റത്തിനു പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ സാധാരണക്കാരന്റെ അടുക്കള ബഡ്ജറ്റിന്റെ താളംതെറ്റി. കഴിഞ്ഞ ദിവസം വർദ്ധിപ്പിച്ച 50 രൂപയുൾപ്പെടെ രണ്ട് മാസത്തിനുള്ളിൽ 160 രൂപയുടെ വർദ്ധനവാണ് ഒരു പാചക വാതക സിലിണ്ടറിന് മേലുണ്ടായത്. 14.2കിലോ സിലിണ്ടറിന് 1060രൂപയാണ് ഇപ്പോഴത്തെ വില .

വീടുകളിൽ പാചകവാതകം എത്തിക്കുന്നതിനുള്ള സർവീസ് ചാർജ് വേറെയും. ചിലയിടങ്ങളിൽ 50 മുതൽ 150 രൂപ വരെ സർവീസ് ചാർജായി വാങ്ങാറുണ്ട്. വ്യാവസായിക ആവശ്യത്തിനുള്ള സിലണ്ടറിന് കഴിഞ്ഞ ദിവസം 8.50രൂപ കുറച്ചെങ്കിലും ഇപ്പോഴത്തെ വില 2027രൂപയാണ്. ഹോട്ടൽമേഖലയിലും പാചകവാതകവില വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് ഉടമകൾ പറയുന്നു. മേയ് 9നാണ് ഗാർഹികാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിനു 103രൂപ വില കൂട്ടിയത്. 2021 ജൂൺ മുതൽ വിവിധ ഘട്ടങ്ങളിലായി 244രൂപയുടെ വർദ്ധനവുണ്ടായി.

പാചകവാതക സിലിണ്ടർ വില (രൂപയിൽ)

ഗാർഹികാവശ്യം .................. 1060

വ്യാവസായികാവശ്യം.......... 2027

സർവീസ് ചാർജ്ജ്................ 50 മുതൽ 200 വരെ

വിറകടുപ്പിലേക്ക് മടക്കം

പാചകവാതക വില ആയിരം കടന്നതോടെ പല വീട്ടമ്മമാരും പഴയ പോലെ വിറകടുപ്പിലേക്ക് മടങ്ങിയിട്ടുണ്ട്.100കിലോ വിറകിന് 900രൂപയാണ് ഇപ്പോൾ വില. വിറകിനെ ആശ്രയിച്ചില്ലെങ്കിൽ മുന്നോട്ടു പോകാനാകില്ലെന്ന് വീട്ടമ്മയായ മഹാദേവികാട് സ്വദേശിനി ശാലിനി പറയുന്നു. എന്നാൽ, ആവശ്യത്തിന് വിറക് കിട്ടാത്തതും പ്രതിസന്ധിയാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ, പുകയില്ലാത്ത അടുപ്പിന്റെയും മൺഅടുപ്പുകളുടെയും വിറക്, അറക്കപ്പൊടി എന്നിവയുടെയും കച്ചവടം കൂടിയതായി അടുപ്പ് വില്പന നടത്തുന്ന മണ്ണഞ്ചേരി സ്വദേശി പത്മകുമാർ പറയുന്നു.

₹244 : 2021 ജൂൺ മുതൽ ഒരു സിലിണ്ടിന് വർദ്ധിച്ച വില