
# മുൻ ജപ്പാൻപ്രധാനമന്ത്രിക്ക് വെടിയേറ്റത്
തിരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ
# മുൻ നാവിക സേനാംഗം പിടിയിൽ
# ഇന്ത്യയിൽ ഇന്ന് ദുഃഖാചരണം
ടോക്കിയോ:ആണവ ആക്ര മണത്തിന്റെ ചാരത്തിൽ നിന്ന് ബുദ്ധന്റെ അഹിംസയുടെയും ശാന്തിയുടെയും പാതയിലൂടെ ഉയിർത്തെഴുന്നേറ്റ ജപ്പാനിൽ ഇന്നലെ ഒരു വിശ്വപൗരന്റെ ചോര ഒഴുകിയപ്പോൾ ലോകം നടുങ്ങി. ജപ്പാന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം (ഒൻപത് വർഷം) പ്രധാനമന്ത്രിയായിരുന്ന, ലോകനേതാക്കളുടെ പ്രിയ മിത്രം ഷിൻസോ ആബെ (67) അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടു.
ജപ്പാനുമായുള്ള ബന്ധം ശക്തമാക്കിയ, ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉറ്റ സുഹൃത്തായിരുന്ന ആബെയുടെ വിയോഗത്തിൽ ഇന്ത്യ ഇന്ന് ദുഃഖം ആചരിക്കും. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.
പടിഞ്ഞാറൻ ജപ്പാനിലെ നാരാ നഗരത്തിലെ റെയിൽവേ സ്റ്റേഷന് പുറത്ത്, ട്രാഫിക് ഐലൻഡിൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണയോഗത്തിൽ പ്രസംഗിക്കുമ്പോഴാണ് വെടിയേറ്റത്. ഇന്ത്യൻ സമയം രാവിലെ എട്ട് മണിക്കായിരുന്നു (ജപ്പാൻ സമയം 11.30) ആക്രമണം.
തെത്സുയാ യമഗാമി എന്ന 41 കാരനാണ് പിറകിൽനിന്ന് സ്വയം നിർമ്മിച്ച നാടൻ തോക്കുകൊണ്ട് രണ്ട് തവണ വെടിവച്ചത്. ആദ്യത്തേത് കഴുത്തിന്റെ വലതുവശത്തും രണ്ടാമത്തേത് ഇടത് തോളെല്ലിലും കൊണ്ടു. നാരാ സ്വദേശിയായ അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ മൂന്ന് വർഷം ജപ്പാൻ സൈന്യത്തിൽ സേവനം അനുഷ്ഠിച്ചിരുന്നു.രണ്ടാമത്തെ വെടിയേറ്റതോടെ ആബെ തറയിൽ കുഴഞ്ഞു വീണു. വെളുത്ത ഷർട്ടിൽ ചോര പുരണ്ട് മലർന്ന് നിശ്ചലനായി കിടന്ന ആബെയുടെ ചുറ്റും ആളുകൾ ഓടിക്കൂടി. ഒരാൾ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് വീണ്ടെടുക്കാൻ മസാജിംഗ് ചെയ്തെങ്കിലും ഫലമുണ്ടായില്ല.
ഉടൻ ഹെലികോപ്റ്ററിൽ നാരാ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എത്തിച്ചു. ഹൃദയം സ്തംഭിച്ച് ശ്വാസം നിലച്ച അവസ്ഥയിലായിരുന്നു.ഹെലികോപ്റ്ററിൽ കയറ്റുമ്പോൾത്തന്നെ ശ്വാസം നിലച്ചിരുന്നു. ഒരു വെടിയുണ്ട ഹൃദയം തുളച്ചിരുന്നു. ആശുപത്രിയിൽ ആബേയ്ക്ക് രക്തം നൽകിയതായി സഹോദരനും പ്രതിരോധ മന്ത്രിയുമായ നോബുവോ കിഷി അറിയിച്ചു.
നാല് മണിക്കൂർ നീണ്ട രക്ഷാശ്രമങ്ങൾ വിഫലമായി. പ്രാദേശിക സമയം വൈകിട്ട് 5.03ന് അന്ത്യം സംഭവിച്ചു.
പ്രധാനമന്ത്രി പദം ഒഴിഞ്ഞിട്ടും ഭരണകക്ഷിയിലെ ഉന്നത നേതാവായിരുന്നു അദ്ദേഹം. മുൻ റേഡിയോ ജോക്കി ആകീ മാത്സുസാകി ആണ് ഭാര്യ. ദമ്പതികൾക്ക് മക്കളില്ല.
ഇന്ത്യയുടെ സൗഹൃദം
2021: പദ്മ വിഭൂഷൺ ന ൽകി ഇന്ത്യ ആദരിച്ചു
2017: മുംബയ് -അലഹബാദ് അതിവേഗ റെയിലിന് പ്രധാനമന്ത്രിക്കൊപ്പം തറക്കല്ലിട്ടു.
2014: റിപ്പബ്ളിക് ദിനാഘോഷത്തിൽ മുഖ്യഅതിഥി
2007: ഇന്ത്യൻ പാർലമെന്റിനെ അഭിസംബോധന ചെയ്തു
ബന്ധം
l2006 മുതൽ എല്ലാ വർഷവും ഇന്ത്യ-ജപ്പാൻ ഉച്ചകോടി. റഷ്യയുമായി മാത്രമാണ് അതുവരെ ഇന്ത്യയ്ക്ക് ഇങ്ങനെ ഒരു ബന്ധം ഉണ്ടായിരുന്നത്.
2007:ഇന്ത്യ-യു.എസ്-ആസ്ട്രേലിയ- ജപ്പാൻ (ക്വാഡ് ) സഖ്യത്തിന്റെ ശില്പി.
l 2013 മുതൽ ഇന്ത്യയിൽ പവർ സെക്ടർ, ട്രാൻസ്പോർട്ടേഷൻ, ഷിപ്പിംഗ്, റെയിൽ പദ്ധതികൾ നടപ്പാക്കാൻ സാങ്കേതിക, സാമ്പത്തിക സഹായം.
2014:മോദിയുടെ ജപ്പാൻ സന്ദർശനം, 3500 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക്.
2016: ആണവകരാർ
അവസാന നിമിഷങ്ങൾ
സംഭവസ്ഥലം:ടോക്കിയോയിൽ നിന്ന് 480 കിലോമീറ്റർ അകലെയുള്ള നാരായിൽ
വേദി:പാർലമെന്റിന്റെ ഉപരിസഭയായ ഹൗസ് ഒഫ് കൗൺസിലേഴ്സിലേക്ക് നാളെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗം. ട്രാഫിക് ഐലൻഡിൽ പ്രസംഗം
സമയം: പ്രാദേശിക സമയം രാവിലെ 11.30 ( ഇന്ത്യൻ സമയം രാവിലെ 8 )
ആക്രമണം:തെത്സുയോ യമഗാമി ( 41) ആബെയുടെ പിന്നിൽ 10 അടി അകലെ നിന്ന് രണ്ടുവട്ടം വെടിവച്ചു. ആബെ ബോധരഹിതനായി വീണു. കഴുത്തിൽ നിന്ന് രക്തം ഒഴുകി. ഹൃദയാഘാതം സംഭവിച്ചു. ശ്വാസകോശം നിശ്ചലമായി.
മരണം: െെവകിട്ട് 5.03ന് സ്ഥിരീകരിച്ചു.
52-ാം വയസിൽ പ്രധാനമി
2005 : പ്രധാനമന്ത്രിയുടെ
ചീഫ് ക്യാബിനറ്റ് സെക്രട്ടറി
2006 : പ്രധാനമന്ത്രി
2007 : ഉദര രോഗം കാരണം രാജിവച്ചു
2012 : തിരഞ്ഞെടുപ്പ് ജയം.
പ്രധാനമന്ത്രി
2014 : പ്രധാനമന്ത്രി
2017 : പ്രധാനമന്ത്രി
2020 : രോഗം. വീണ്ടും രാജിവച്ചു
രാഷ്ട്രീയ കുടുംബം
1957-60 : മുത്തച്ഛൻ നൊബുസുകെ കിഷി പ്രധാനമന്ത്രി
1964-72: മുത്തച്ഛന്റെ സഹോദരൻ ഇസാകു സാറ്റോപ്രധാനമന്ത്രി
1982-86: പിതാവ് ഷിൻറ്റാരോ ആബെ വിദേശകാര്യമന്ത്രി
ഷിൻസോ ആബെയുടെ ദാരുണമായ വിയോഗം വാക്കുകൾക്കതീതമായ ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. ഇന്ത്യ മുഴുവൻ ജപ്പാനോടൊപ്പം വിലപിക്കുന്നു.
- നരേന്ദ്ര മോദി, പ്രധാനമന്ത്രി
ആബെയുടെ രാഷ്ട്രീയത്തോട് അതൃപ്തിയാണ്. കൊല്ലുകയായിരുന്നു ഉദ്ദേശ്യം. മറ്റു വൈരാഗ്യമില്ല.
- തെത്സുയോ യമഗാമി അറസ്റ്റിലായ കൊലയാളി
ശക്തമായ ഇന്ത്യ ജപ്പാന്റെ താല്പര്യങ്ങൾ സംരക്ഷിക്കും. ശക്തമായ ജപ്പാൻ ഇന്ത്യയുടെയും.
- ഷിൻസോ ആബെ,
(2013ൽ പ്രസംഗിച്ചത്)