
ന്യൂഡൽഹി: എണ്ണവിപണന കമ്പനികളിൽ നിന്ന് വാങ്ങുന്ന ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എ.ടി.എഫ്) 11 ശതമാനം അടിസ്ഥാന എക്‌സൈസ് തീരുവയിൽ നിന്ന് അന്താരാഷ്ട്ര വിമാന സർവീസ് നടത്തുന്ന ആഭ്യന്തര വിമാനക്കമ്പനികളെ ധനമന്ത്റാലയം ഒഴിവാക്കി.
ജൂലായ് 1ന് സർക്കാർ ലിറ്ററിന് 6 രൂപ സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി അല്ലെങ്കിൽ ജെറ്റ് ഇന്ധനത്തിന്റെ കയറ്റുമതിയുടെ തീരുവ ചുമത്തിയതിന് ശേഷം ആഭ്യന്തര വിമാനക്കമ്പനികൾ ഓടിക്കുന്ന വിദേശ വിമാനങ്ങൾക്ക് എക്‌സൈസ് തീരുവ ഈടാക്കുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് ധനമന്ത്റാലയം ഇതിന് വ്യക്തത വരുത്തിയത്.
കയറ്റുമതി തീരുവ ചുമത്തുന്നതോടെ ആഭ്യന്തര വിമാനക്കമ്പനികൾ വിദേശ വിമാനങ്ങൾക്കായുള്ള എ.ടി.എഫിന് 11 ശതമാനം അടിസ്ഥാന എക്‌സൈസ് തീരുവ നൽകേണ്ടിവരുമെന്നായിരുന്നു എണ്ണക്കമ്പനികളുടെ അഭിപ്രായം. കയറ്റുമതിയിൽ എക്‌സൈസ് തീരുവ ചുമത്തുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന നികുതി വ്യവസ്ഥയിലേക്കുള്ള ഈ വിന്യാസം വ്യോമയാന വ്യവസായത്തിന് വളരെ സ്വാഗതാർഹമായ നീക്കമാണെന്നാണ് വിലയിരുത്തൽ.