
ഷിൻസോ അബെയുടെ മരണം രാഷ്‌ട്രീയത്തിൽ മാത്രമല്ല, ജപ്പാൻ ജനതയ്‌ക്കും വലിയ ആഘാതമാണ്. ഭരണ, പ്രതിപക്ഷ പാർട്ടികൾ ഇന്നലെ തിരഞ്ഞെടുപ്പ് യോഗങ്ങളെല്ലാം റദ്ദാക്കി.അവസാന ഘട്ടത്തിലായിരുന്ന തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചു. പ്രചാരണത്തിന്റെ അവസാന ദിനമായ ഇന്ന് നേതാക്കൾ പ്രസംഗങ്ങൾ പുനരാരംഭിക്കും, അക്രമത്തിന് തങ്ങൾ കീഴടങ്ങില്ല എന്ന സന്ദേശവുമായി.
`എനിക്ക് രോഷമുണ്ട്. അക്രമം കാരണം പ്രസംഗങ്ങൾ മുടങ്ങരുത്. അക്രമത്തിന് കീഴടങ്ങില്ലെന്ന ദൃഢനിശ്ചയവുമായി തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകണം.' - ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സെക്രട്ടറി ജനറൽ മോഗി പറഞ്ഞു.
അറസ്റ്റിലായ അക്രമിയുടെ വാക്കുകൾ ഇങ്ങനെ:അബെയുടെ രാഷ്‌ട്രീയത്തിൽ അസംതൃപ്തനാണ്. അദ്ദേഹത്തെ കൊല്ലാൻ തന്നെയാണ് ഉദ്ദേശിച്ചത്. മറ്റു വൈരാഗ്യമൊന്നുമില്ല.
നാരാ പട്ടണത്തിലെ അയാളുടെ വാടക മുറിയിൽ നിന്ന് പൊലീസ് ഒട്ടേറെ സ്ഫോടക വസ്‌തുക്കൾ കണ്ടെടുത്തു. പിസ്റ്റലുകളും സ്ഫോടക വസ്തുക്കളും സ്വയം നിർമ്മിച്ചിട്ടുണ്ടെന്ന് അയാൾ സമ്മതിച്ചു. വരും ദിവസങ്ങളിൽ പൊലീസിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവും.
(ലേഖകൻ സാംകീ ഷിംബുൻ
എന്ന ജപ്പാൻ ദിനപ്പത്രത്തിന്റെ മുൻഗ്രാഫിക്സ് എഡിറ്റർ)