bihar-man

പാട്ന: വടിവാളുമായി മകൻ പഠിക്കുന്ന സ്കൂളിലെത്തി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തിയ പിതാവിനെതിരെ കേസ്. ബിഹാറിലെ അരാരിയയിലുള്ള ഭഗ്‌വൻപൂർ പഞ്ചായത്തിലെ ജൊക്കീഹത് എന്ന ഗ്രാമത്തിലാണ് സംഭവം. മകന് സ്കൂളിൽ ഇടാനുള്ള യൂണിഫോമിന് മതിയായ പണം കണ്ടെത്താൻ സാധിക്കാത്തതാണ് പിതാവിനെ പ്രകോപിതനാക്കിയത്. അക്ബർ എന്ന വ്യക്തിയാണ് വടിവാളുമായി സ്കൂളിൽ എത്തിയതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

സ്കൂളിൽ വാളുമായെത്തിയ അക്ബർ മകന്റെ അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും അവർക്കുനേരെ വാൾ വീശുകയും ചെയ്തതായി പൊലീസ് പറഞ്ഞു. 24 മണിക്കൂറിനുള്ളിൽ യൂണിഫോമിനുള്ള പണം കിട്ടിയില്ലെങ്കിൽ താൻ വീണ്ടും വരുമെന്ന് ഭീഷണിമുഴക്കിയ ശേഷമാണ് അക്ബർ സ്കൂളിൽ നിന്നും പോയത്. ഭയന്ന അദ്ധ്യാപകർ ഉടൻ തന്നെ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അരാരിയ സ്കൂളിലെ ഹെ‌ഡ്മാസ്റ്ററുടെ പരാതിയിന്മേൽ അക്ബറിനെതിരെ പൊലീസ് കേസെടുത്തു.