
റിയാദ് : പ്രാർത്ഥനയുടെ പുണ്യം നിറച്ച് വിശുദ്ധ അറഫ സംഗമത്തിന് സാക്ഷിയായി ലക്ഷക്കണക്കിന് ഹജ്ജ് തീർത്ഥാടകർ. സൗദിയ്ക്ക് അകത്തും പുറത്തും നിന്നുമുള്ള പത്ത് ലക്ഷം തീർത്ഥാടകർ ഇന്നലെ അറഫയിൽ ഒത്തുചേർന്നു.
കൊവിഡ് മഹാമാരി വന്നതിന് ശേഷം ആദ്യമായാണ് ഇത്രയും കൂടുതൽ തീർത്ഥാടകരുടെ സാന്നിദ്ധ്യത്തിൽ വിശുദ്ധ ഹജ്ജിലെ സുപ്രധാന കർമ്മമായ അറഫ സംഗമം നടക്കുന്നത്. ഇന്നലെ സൂര്യാസ്തമയം വരെ തീർത്ഥാടകരുടെ പ്രാർത്ഥന അറഫ സമതലത്തെ ഭക്തിസാന്ദ്രമാക്കി. വെള്ള വസ്ത്രം ധരിച്ച തീർത്ഥാടകരുടെ സംഗമം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെള്ളക്കടലായി പ്രതിഫലിച്ചു.
മിനായിൽ തങ്ങിയ തീർത്ഥാടകർ ഇന്നലെ പുലർച്ചെ അറഫ മൈതാനിയിലേക്ക് നീങ്ങിത്തുടങ്ങി. തീർത്ഥാടകരെ അറഫയിലേക്കെത്തിക്കാൻ 9,500 ബസുകളും മെട്രോയും സജ്ജമായിരുന്നു. സൂര്യാസ്തമയ ശേഷം തീർത്ഥാടകർ മുസ്ദലിഫയിലേക്ക് നീങ്ങി. സൗദിയടക്കം ഗൾഫ് രാജ്യങ്ങളിൽ ഇന്നാണ് ബലി പെരുന്നാൾ. വെള്ളിയാഴ്ചയും അറഫ സംഗമ ദിനവും പത്തുവർഷത്തിന് ശേഷം ഒന്നിച്ചെത്തി എന്ന സവിശേഷതയും ഉണ്ടായിരുന്നു.