
ലണ്ടൻ: ഇംഗ്ലഷ് മിഡ്ഫീൽഡർ ജാക്ക് വിൽഷെയർ പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചു. ആഴ്സനലിന്റെ മിന്നും താരങ്ങളിലൊരാളായിരുന്ന വിൽഷെയർ മുപ്പതാം വയസിലാണ് ഏവരേയും അമ്പരപ്പിച്ചുകൊണ്ട് തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചത്.
ആഴ്സനലിനായി കളത്തിലിറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയുമായി 2008ൽ തന്റെ 16-ാം വയസിൽ പ്രൊഫഷണൽ ഫുട്ബാളിൽ അരങ്ങേറ്റം കുറിച്ച വിൽഷെയർ എന്നാൽ തുടർച്ചയായ പരിക്കുകളും കളത്തിന് പുറത്തെ ജീവിത ശൈലിയും കൊണ്ട് പ്രതീക്ഷിച്ച ഉയരത്തിൽ എത്താനാകാതെ പോവുകയായിരുന്നു. 2008 മുതൽ 2018വരെ ആഴ്സനലിനായി കളിച്ചു. ഇംഗ്ലണ്ടിന്റെ 2014 ലോകകപ്പിലേയും 2016 യൂറോകപ്പിലേയും ടീമിലുണ്ടായിരുന്ന വിൽഷെയർ രാജ്യത്തിനായി 34 മത്സരങ്ങളിൽ കളത്തിലിറങ്ങി. രണ്ട് ഗോളുകളും നേടി. ആഴ്സനൽ വിട്ടശേഷം വെസ്റ്റ് ഹാമിലും നേരത്തേ ലോണിൽ കളിച്ച ബേൺമൗത്തിലും എത്തി. കഴിഞ്ഞ സീസണിൽ ഡാനിഷ് ക്ലബ് എ.ജി.എഫിൽ ആയിരുന്നു. എന്നാൽ പുതിയ സീസണിൽ വിൽഷെയറിന്റെ കരാർ പുതുക്കാൻ എ.ജി.എഫ് തയ്യാറായിരുന്നില്ല.