giannou

കൊച്ചി: ഗ്രീക്ക് ആസ്‌ട്രേലിയൻ ഇന്റർനാഷണൽ സ്ട്രൈക്കർ അപ്പോസ്‌തൊലോസ് ജിയാനുവിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്‌​റ്റേഴ്‌സ് എഫ്‌സി. താരവുമായുള്ള കരാർ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എ ലീഗ് ക്ലബ്ബായ മക്കാർത്തർ എഫ്‌.സിയിൽ നിന്ന് കേരള ബ്ലാസ്​റ്റേഴ്‌സിലെത്തുന്ന താരം കരാറനുസരിച്ച് 2023 സമ്മർ സീസൺ വരെ ബ്ലാസ്റ്റേഴ്സിലുണ്ടാകും. പുതിയ സീസണിലേക്ക് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗാണ് ജിയാനു.

ഗ്രീസിൽ ജനിച്ച ജിയോനു, ചെറുപ്പത്തിൽ തന്നെ ആസ്ട്രേലിയയിലേക്ക് മാറി. കവാല, പി.എ.ഒ.കെ, എത്‌നിക്കോസ്, പാനിയോനിയോസ് തുടങ്ങിയ നിരവധി ഗ്രീക്ക് ഫസ്​റ്റ് ഡിവിഷൻ ടീമുകൾക്കൊപ്പം 150ലധികം മത്സരങ്ങൾ കളിച്ച താരം 38 ഗോളുകളും 15 അസിസ്​റ്റുകളും സ്വന്തം പേരിൽ കുറിക്കുകയും ചെയ്തു.

2016ൽ, റെക്കാ‌ഡ് തുകയ്ക്ക് ചൈനീസ് ക്ലബ്ബായ ഗ്വാങ്‌ഷോ സി​റ്റി എഫ്‌.സിയിൽ ചേർന്നു. ഏഷ്യയിലെ രണ്ട് ഫലവത്തായ സീസണുകൾക്ക് ശേഷം സൈപ്രസ് ടീമായ എ.ഇ.കെ ലാർനാക്കയിൽ എത്തിയ ജിയാനു, പിന്നീട് ഗ്രീസിലെ ഒ.എഫ്‌.ഐ ക്രീറ്റ് എഫ്‌.സിയിലേക്ക് കളം മാറി. എല്ലാ യൂത്ത് ടീം തലങ്ങളിലും ആസ്ട്രേലിയയെ പ്രതിനിധീകരിച്ച ജിയാനു 12 മത്സരങ്ങളിൽ ആസ്ട്രേലിയൻ സീനിയർ ദേശീയ ടീമിനായും ബൂട്ടുകെട്ടി. രണ്ടു ഗോളുകളും നാല് അസിസ്​റ്റുകളുമാണ് സമ്പാദ്യം. ഗ്രീക്ക് ദേശീയ ടീമിനായും ഒരു മത്സരം കളിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് വർഷമായി ജിയാനുവിനെ ടീമിലെത്തിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് ബ്‌ളാസ്റ്റേഴ്സിന്റെ സ്പോർടിംഗ് ഡയറക്ടർ കരോളിസ് സ്കിൻകിസ് പറഞ്ഞു. ബ്‌ളാസ്റ്റേഴ്സിന്റെ കേളീശൈലിക്ക് യോജിച്ച താരവും ടീമിന്റെ സാഹചര്യം മനസിലാക്കി കളിക്കുന്ന അറ്റാക്കിംഗ് കളിക്കാരനുമാണ് ജിയാനുവെന്നും സ്കിൻകിസ് കൂട്ടിച്ചേർത്തു.