abhijith

പത്തനംതിട്ട: വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ചതിനും പെൺകുട്ടിയുടെ പക്കൽ നിന്നും പണം തട്ടിയതിനും യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ആറന്മുള മണ്ഡലം വൈസ് പ്രസിഡന്റ് അഭിജിത്ത് സോമനാണ് പിടിയിലായത്. സഹപാഠികൂടിയായ പെൺകുട്ടിയുടെ കയ്യിൽ നിന്നും വിവിധ ആവശ്യങ്ങൾ പറഞ്ഞ് രണ്ട് തവണയായി ഒന്നേകാൽ ലക്ഷം രൂപ ഇയാൾ തട്ടിയെടുത്തതായും പരാതിയുണ്ട്. ഇരുവരും ഒരേ കോളേജിലാണ് പഠിക്കുന്നത്. ഇന്ന് രാവിലെയാണ് നിയമവിദ്യാർത്ഥി കൂടിയായ 23കാരിയുടെ പരാതിയിൽ ആറന്മുള പൊലീസ് അഭിജിത്തിനെ അറസ്റ്റ് ചെയ്യുന്നത്.

എട്ടുമാസം മുമ്പ് അഭിജിത്ത് പെൺകുട്ടിയുമായി പ്രണയത്തിലാകുകയും നിരവധി തവണ ലോഡ്ജുകളിൽ കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്തെന്നുമാണ് പരാതി. പെൺകുട്ടിക്ക് ഫീസ് അടയ്ക്കുന്നതിനായി വീട്ടുകാർ നൽകിയ പണത്തിൽ നിന്ന് കാർ നന്നാക്കാനെന്ന പേരിൽ അമ്പതിനായിരവും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ പറഞ്ഞ് 75000 രൂപയും രണ്ട് തവണയായി അഭിജിത്ത് കൈക്കലാക്കിയിരുന്നു. ഫീസ് അടയ്ക്കാൻ സമയമായപ്പോൾ പണം തിരികെ ചോദിച്ച പെൺകുട്ടിയിൽ നിന്ന് അഭിജിത്ത് ഒഴിഞ്ഞുമാറി. ഫീസ് സമയത്ത് അടയ്ക്കാതെ ആയപ്പോൾ കോളേജ് അധികൃതർ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിച്ചു. പെൺകുട്ടി വീണ്ടും അഭിജിത്തിനോട് പണം ആവശ്യപ്പെട്ടെങ്കിലും പ്രതി പരാതിക്കാരിയുടെ നമ്പർ ബ്ലോക്ക് ചെയ്യുകയായിരുന്നു.
തുടർന്ന് കഴിഞ്ഞ ദിവസം ഹോസ്റ്റലിൽ വച്ച് പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചു. അശുപത്രിയിൽ വച്ച് മൊഴി എടുത്ത പൊലീസിനോടാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്ന് വൈകിട്ട് അഭിജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും വിശദമായി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ പ്രതിയായതോടെ അഭിജിത്തിനെ യൂത്ത് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.