shinzo

ടോക്കിയോ : ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ലോകനേതാക്കൾ. സംഭവത്തെ ഭീകരവാദമെന്ന് ഇറാൻ വിശേഷിപ്പിച്ചു. ഭീരുത്വം നിറഞ്ഞ ആക്രമണമാണ് ഉണ്ടായതെന്ന് സ്പെയിൻ പ്രതികരിച്ചു.

ആബെയ്ക്ക് നേരെ നടന്ന ആക്രമണം തന്നെ ഞെട്ടിച്ചെന്നും രോഷാകുലനാക്കിയെന്നും യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു. ആബെയുടെ വിയോഗം ജപ്പാനെ സംബന്ധിച്ചിടത്തോളം ഒരു ദുരന്തമാണെന്നും താൻ അതീവ ദുഃഖിതനാണെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

താനും കുടുംബവും ഇസ്രയേലിലെ മുഴുവൻ ജനതയും ആബെയുടെ വിയോഗത്തിൽ ദുഃഖിതരാണെന്നും ഇസ്രയേലിന്റെ ഉറ്റസുഹൃത്തായിരുന്നു ആബെ എന്നും ഇസ്രയേൽ മുൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്വീറ്റ് ചെയ്തു.

ആബെയുടെ വിയോഗത്തിൽ നടുക്കം രേഖപ്പെടുത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ജപ്പാൻ ജനതയുടെയും ആബെയുടെ കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേരുന്നതായി പറഞ്ഞു. പാക് - ജപ്പാൻ ബന്ധത്തിൽ വിലമതിക്കാനാകാത്ത സംഭവാനകൾ നൽകിയ വ്യക്തിയാണ് ആബെയെന്ന് പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ് ഓർമ്മിച്ചു.

ആബെ ശരിക്കും വലിയ മനുഷ്യനും മികച്ച നേതാവുമായിരുന്നെന്ന് യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ തുടങ്ങിയ ലോകനേതാക്കൾ ആബെയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.

അതേ സമയം, ആബെയ്ക്ക് നേരെ നടന്നത് പൊറുക്കാനാകാത്ത ക്രൂരമായ ആക്രമണമാണെന്ന് പറഞ്ഞ ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ തനിക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ലെന്ന് നിറകണ്ണുകളോടെ പറഞ്ഞു. ജപ്പാന്റെ ജനാധിപത്യം ആക്രമണം അനുവദിക്കില്ലെന്നും കിഷിദ പറഞ്ഞു.