
ലണ്ടൻ: വിംബിൾഡൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. ഇന്ന് നടക്കുന്ന ഫൈനലിൽ ടുണീഷ്യൻ സൂപ്പർ താരം ഒൻസ് ജബേയുറും കസഖ് സെൻസേഷൻ എലേന റൈബാക്കിനയും തമ്മിൽ ഏറ്റുമുട്ടും. നിലവിലെ വിവരം അനുസരിച്ച് ഇന്ത്യൻ സമയം വൈകിട്ട് 6.30 മുതലാണ് കലാശപ്പോരാട്ടം. ഇരുവരുടേയും ആദ്യ ഗ്രാൻസ്ലാം ഫൈനലാണിത്. ഗ്രാൻസ്ലാം കിരീടം നേടുന്ന ആദ്യ ആഫ്രിക്കൻ വനിതാ താരമാകാനാണ് ജബേയുർ റാക്കറ്റെടുക്കുന്നത്. മറുവശത്ത് കസഖിസ്ഥാനിലേക്ക് ആദ്യ ഗ്രാൻസ്ലാം കിരീടം കൊണ്ടുപോകാനാണ് റൈബാക്കിനയെത്തുന്നത്.
കരിയറിലെ ഏറ്റവും മികച്ച ഫോമിലുള്ള ലോക രണ്ടാം റാങ്കുകാരിയായ ജബേയുർ അവസാനം കളിച്ച 22 മത്സരങ്ങളിൽ ഇരുപതിലും ജയിച്ചു. സെമിയിൽ ആത്മാർത്ഥ സുഹൃത്തായ ജർമ്മൻ താരം തത്യാന മരിയയെ വീഴ്ത്തിയാണ് ജബേയുർ ഫൈനലുറപ്പിച്ചത്. സെമിയിൽ മുൻ ചാമ്പ്യൻ കൂടിയായ സിമോണ ഹാലെപ്പിനെയാണ് റൈബാക്കിന വീഴ്ത്തിയത്.
നൊവാക്ക് Vs നിക്ക്
പുരുഷ സിംഗിസ് ഫൈനലിൽ നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും ആസ്ട്രേലിയൻ താരം നിക്ക് കിർഗിയോസും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ ബ്രിട്ടീഷ് താരം കാമറോൻ നോറിയ്ക്കെതിരെ ആദ്യ സെറ്റ് നഷ്ടമാക്കിയ ശേഷം അടുത്ത മൂന്ന് സെറ്റും സ്വന്തമാക്കിയാണ് തുടർച്ചയായ നാലാം കിരീടം ലക്ഷ്യമിട്ട് ജോക്കോ ഫൈനലുറപ്പിച്ചത്. സ്കോർ: 2-6,6-3,6-2,6-4. ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് ഫൈനലിൽ എത്തുന്ന താരമെന്ന റെക്കാഡും ജോക്കോ സ്വന്തമാക്കി. ജോക്കോയുടെ 32-ാം ഗ്രാൻസ്ലാം ഫൈനലാണിത്.