ginger

സുൽത്താൻ ബത്തേരി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇഞ്ചി വിലയിൽ നേരിയ വർദ്ധനവുണ്ടായെങ്കിലും ബഹുഭൂരിപക്ഷം കർഷകർക്കും വിലവർദ്ധനവിന്റെ പ്രയോജനം ലഭിക്കില്ല. പലരും നേരത്തെതന്നെ കിട്ടിയ വിലയ്ക്ക് ഇഞ്ചി വിറ്റിരുന്നു.
മലയാളികൾ ഏറ്റവും കൂടുതൽ ഇഞ്ചി കൃഷിചെയ്യുന്ന കർണാടകയിൽ ചാക്കിന് 650 മുതൽ 900 രൂപ വരെ വിലയ്ക്കാണ് കഴിഞ്ഞ ജൂൺ മുപ്പത് വരെ കർഷകർ ഇഞ്ചിവിൽപ്പന നടത്തിയത്. എന്നാൽ ഇപ്പോൾ ഇഞ്ചി വില 1700 മുതൽ 1800 രൂപ വരെയായി വർദ്ധിച്ചു.

ഭൂമിയുടെ പാട്ടക്കരാർ അവസാനിക്കുന്ന ജൂൺ 30-ന് മുമ്പായി കർഷകരെല്ലാം ഇഞ്ചി പറിച്ച് സ്ഥലം ഒഴിവാക്കി കൊടുത്തിരുന്നു. വൻകിട കർഷകർ മാത്രമാണ് 1.10 മുതൽ 1.50 ലക്ഷം വരെയുള്ള പാട്ടക്കരാർ വീണ്ടും പുതുക്കി ഇഞ്ചി പറിച്ച് കൊടുക്കാതെ ഇട്ടത്. ഇവർക്ക് മാത്രമേ ഇപ്പോഴത്തെ വിലവർദ്ധനവിന്റെ ഗുണം ലഭിക്കുകയുള്ളൂ.
ബാങ്ക്‌ വായ്പയെടുത്തും സ്വർണവും മറ്റും പണയം വെച്ചുമാണ് മലയാളികൾ കർണാടകയിൽ ഇഞ്ചികൃഷി ചെയ്യുന്നത്. ആദ്യകാലങ്ങളിൽ വൻ ലാഭമായിരുന്നെങ്കിൽ ഇപ്പോൾ വൻ കടവുമായാണ് പലരും മടങ്ങുന്നത്. ജനുവരി ഒന്ന് മുതൽ 18 മാസത്തെക്കാണ് ഭൂമി പാട്ടത്തിന് കരാർ എഴുതുക. ഭൂമി ഒഴിവായി കൊടുത്തില്ലെങ്കിൽ ഒരു വർഷത്തേക്ക് കരാർ പുതുക്കണം. ഇതിന് പണമില്ലാത്തവരാണ് കിട്ടിയ വിലയ്ക്ക് ഇഞ്ചി പറിച്ച് വിൽക്കുന്നത്.