
ന്യൂയോർക്ക് : വംശനാശം വന്ന ജീവിവർഗ്ഗമാണ് ദിനോസറുകൾ. ഇന്ന് ചിത്രങ്ങളിൽ മാത്രം കാണാൻ സാധിക്കുന്ന ദിനോസറുകളുടെ യഥാർത്ഥ ഫോസിൽ സ്വന്തമാക്കാൻ ആഗ്രഹമുണ്ടോ ? എങ്കിലിതാ ഒരു സുവർണാവസരം.! ഒരു ഭീമൻ ദിനോസർ അസ്ഥികൂടമാണത്. ടൈറനോസോറസ് റെക്‌സ് ( ടി - റെക്‌സ് ) ദിനോസറുകളുടെ അടുത്ത ബന്ധുവെന്ന് പറയാവുന്ന ക്രിറ്റേഷ്യസ് യുഗത്തിൽ വടക്കേ അമേരിക്കയിൽ ജീവിച്ചിരുന്ന മാംസഭുക്കുകളും അപകടകാരികളുമായ ഗോർഗസോറസ് ജീനസിൽപ്പെട്ട ഒരു ദിനോസർ ഭീമന്റേതാണ് അസ്ഥികൂടം.
ഏകദേശം 76 ദശലക്ഷം വർഷങ്ങൾക്ക് മുമ്പാണ് ഈ ദിനോസർ ഭൂമുഖത്ത് ജീവിച്ചിരിക്കുന്നത്. പ്രശസ്ത ഓക്‌ഷൻ ഹൗസായ സതബീസ് ആണ് ദിനോസർ ഭീമന്റെ അസ്ഥികൂടം വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്. ജൂലായ് 28ന് ന്യൂയോർക്കിൽ സതബീസിന്റെ നാച്ചുറൽ ഹിസ്റ്ററി ഓക്‌ഷനിൽ ലേലത്തിനെത്തുന്നവയുടെ കൂട്ടത്തിലെ ഗ്ലാമർ താരം 10 അടി ഉയരവും 22 അടി നീളവുമുള്ള ഈ ദിനോസർ അസ്ഥികൂടമായിരിക്കും. ഇതാദ്യമായാണ് ഗോർഗസോറസ് ദിനോസറിന്റെ അസ്ഥികൂടം വില്പനയ്ക്ക് വയ്ക്കുന്നത്. വില്പനയ്ക്ക് മുമ്പ് ജൂലായ് 21 മുതൽ ഈ ദിനോസർ അസ്ഥികൂടത്തെ പ്രദർശനത്തിനും വയ്ക്കുന്നുണ്ട്.
ടൈറനോസോറസ് റെക്‌സ് ദിനോസറുകളേക്കാൾ 10 ദശലക്ഷം വർഷങ്ങൾക്ക് മുന്നേ ജീവിച്ചവയാണ് ഗോർഗസോറസ്. 2018ൽ മൊണ്ടാനയിലെ ജൂഡിത്ത് നദിക്കരയിൽ നിന്നാണ് ഇപ്പോൾ വില്പനയ്ക്കെത്തുന്ന ഗോർഗസോറസ് അസ്ഥികൂടം കണ്ടെത്തിയത്. ഗോർഗസോറസിന്റെ മറ്റ് ഫോസിലുകൾ വിവിധ മ്യൂസിയങ്ങളിലാണ് സൂക്ഷിക്കപ്പെട്ടിട്ടുള്ളത്. ഏതായാലും ഈ അസ്ഥികൂടത്തിന് കുറഞ്ഞത് 50 ലക്ഷം ഡോളറെങ്കിലും ലഭിക്കുമെന്നാണ് പ്രതീക്ഷ.
വെലോസിറാപ്‌റ്റർ, ടൈറനോസോറസ്, ട്രൈസെറാടോപ്‌സ്, ബ്രാക്കിയോസോറസ് തുടങ്ങി വിവിധ ജീനസിൽപ്പെട്ട ദിനോസറുകൾ കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നു. ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിന്റെ അവസാനം സംഭവിച്ച കൂറ്റൻ ഛിന്നഗ്രഹ പതനമാണ് ദിനോസറുകളെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കിയത്. ഈ ഛിന്നഗ്രഹ പതനം ഭൂമിയിലെ 75 ശതമാനത്തോളം ജീവജാലങ്ങളുടെ നാശത്തിന് ഇടയാക്കിയെന്നാണ് കരുതുന്നത്.
അതേ സമയം, 67 ദശലക്ഷം വർഷം പഴക്കമുള്ള ' സ്റ്റാൻ ' എന്ന ടി - റെക്സ് ദിനോസറിന്റെ അസ്ഥികൂടം 2020ൽ ന്യൂയോർക്കിലെ ക്രിസ്റ്റീസ് ഓക്‌ഷൻ ഹൗസ് ലേലം ചെയ്തിരുന്നു. 3.18 കോടി യു.എസ് ഡോളറിന് സ്റ്റാനെ സ്വന്തമാക്കിയത് അബുദാബിയിലെ സാദിയത് ദ്വീപിൽ 2025ഓടെ തുറക്കാനൊരുങ്ങുന്ന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം അധികൃതർ ആയിരുന്നു. ലോകത്താദ്യമായാണ് ഒരു ഫോസിലിന് ഇത്ര വലിയ തുക ലഭിച്ചത്. ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നീളം കൂടിയ ടി - റെക്സ് ദിനോസർ അസ്ഥികൂടം കൂടിയാണ് 13 അടി ഉയരവും 40 അടി നീളവുമുള്ള സ്റ്റാൻ.