
ടോക്കിയോ : മദ്ധ്യ ജപ്പാനിലെ കനാഗാവ മേഖലയിലെ ഹക്കോൻ - എൻ അക്വേറിയം വളരെ വിചിത്രമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണത്രെ കടന്നുപോകുന്നത്. ഇവിടുത്തെ പെൻഗ്വിനുകളും നീർനായകളും തങ്ങളുടെ ഭക്ഷണം തിരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധാലുക്കൾ ആണത്രെ. അതിനെന്താണ് ഇത്ര പ്രശ്നം എന്നല്ലേ ?
പണപ്പെരുപ്പവും വിലക്കയറ്റവും മൂലം വിലകുറവുള്ള, അത്ര ക്വാളിറ്റിയില്ലാത്ത ഭക്ഷണം ഇവർക്ക് കൊടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് അധികൃതർ. പക്ഷേ, പെൻഗ്വിനുകളും നീർനായകളും ഇത് കഴിക്കുന്നില്ലത്രെ. പരിപാലകർ എത്ര ശ്രമിച്ചാലും ഇക്കൂട്ടർ വില കുറഞ്ഞ ഭക്ഷണത്തോട് മുഖം തിരിച്ച് നടക്കുമെന്നാണ് അക്വേറിയം തലവൻ ഹിറോകി ഷിമാമോട്ടോ പറയുന്നത്.
പെൻഗ്വിനുകൾക്കും നീർനായകൾക്കും നൽകി വന്നിരുന്ന വിലകൂടിയ വലിയ അയല ഉൾപ്പെടെയുള്ള മത്സ്യങ്ങൾക്ക് പകരം ഏറ്റവും വില കുറഞ്ഞ അയലയും മറ്റുമാണ് ഇപ്പോൾ അക്വേറിയത്തിൽ നൽകുന്നത്. എന്നാൽ, മത്സ്യങ്ങളെ മാറ്റിയത് വളരെ വേഗം മനസിലാക്കിയ ഒരു വിഭാഗം പെൻഗ്വിനുകൾ ഭക്ഷണം കഴിക്കാൻ വിസമ്മതിച്ചു. നീർനായകളാകട്ടെ, കൂട്ടത്തോടെയാണ് പുതിയ മെനുവിനോട് നോ പറഞ്ഞത്.
ലഭ്യത കുറവ് മൂലം മത്സ്യങ്ങളുടെ വില 30 ശതമാനം വരെ കൂടിയതാണ് അക്വേറിയങ്ങൾക്ക് തിരിച്ചടിയായത്. ഏതായാലും പെൻഗ്വിനുകളുടെയും നീർനായകളുടെയും പട്ടിണി സമരം കണക്കിലെടുത്ത് വളരെ കുറഞ്ഞ അളവിലാണെങ്കിലും അവരുടെ ഇഷ്ട മത്സ്യങ്ങളെ ഹക്കോൻ - എൻ അക്വേറിയം അധികൃതർ എത്തിച്ചു നൽകുന്നുണ്ട്.