kennedy

ന്യൂയോർക്ക് : ജപ്പാന്റെ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെ വെടിയേറ്റ് മരിച്ചത് ഞെട്ടലോടെയാണ് ലോകം കണ്ടത്. സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യമുണ്ടായിരുന്നിട്ടും അവരുടെ വലയത്തിന് പുറത്ത് ജനങ്ങളോട് അടുത്ത് ചേർന്ന് പ്രസംഗം നടത്തെവയാണ് ആബെയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. അക്രമി റ്റെറ്റ്‌സുയോ യമഗാമി ( 41 ) ആബെയെ വധിക്കാനുള്ള കാരണം വ്യക്തമല്ല. നിലവിൽ ഇയാളെ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്. വൈകാതെ ജാപ്പനീസ് പൊലീസ് ആക്രമണത്തിന് പിന്നിലെ കൃത്യമായ കാരണം പുറത്തുവിടുമെന്ന് കരുതുന്നു.

അതേ സമയം, 59 വർഷങ്ങൾക്ക് മുമ്പ് സമാനമായ ഒരു രാഷ്ട്രീയ കൊലപാതകം ലോകത്തെ ഒന്നടങ്കം നടുക്കിയിരുന്നു. അമേരിക്കയുടെ 35ാമത്തെ പ്രസിഡന്റായ ജോൺ. എഫ് കെന്നഡിയുടെ വധം. 1963 നവംബർ 22, ഉച്ചയ്‌ക്ക് 12.30ന് ഡാലസിൽ വച്ച് ഭാര്യ ജാക്വിലിനൊപ്പം തുറന്ന കാറിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കവെയാണ് 46കാരനായ കെന്നഡി വെടിയേറ്റ് കൊല്ലപ്പെട്ടത്. അധികാരത്തിലിരിക്കെ കൊല്ലപ്പെട്ട ഏറ്റവും ഒടുവിലത്തെ യു.എസ് പ്രസിഡന്റാണ് കെന്നഡി. അഞ്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും കെന്നഡി വധത്തിന് പിന്നിലെ ഗൂഡാലോചനാ സിദ്ധാന്തങ്ങൾ അവസാനിക്കുന്നില്ല.

 ചോദ്യചിഹ്നമായി ഓസ്‌വാൾഡ്

കെന്നഡിയെ വെടിവച്ചതിന് ലീ ഹാർവി ഓസ്‌വാൾഡ് എന്നയാളെ അന്വേഷണ ഉദ്യോഗസ്ഥർ അറസ്‌റ്റു ചെയ്‌തു. എന്നാൽ ഓസ്‌വാൾഡിനെ ജയിലിലേക്ക് മാറ്റുന്നതിനിടെ ജാക്ക് റൂബി എന്ന നൈറ്റ് ക്ലബ് ഉടമ വെടിവച്ചു കൊന്നു. കെന്നഡി വധത്തിൽ അസ്വസ്ഥനായതാണ് ഓസ്‌വാൾഡിനെ കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ് റൂബി പറഞ്ഞത്. ഓസ്‌വാൾഡിന്റെ വിചാരണയ്ക്ക് തൊട്ടുമുന്നേയായിരുന്നു ഇത്.

കെന്നഡിയെ വെടിവച്ചത് ഓസ്‌വാൾഡ് നിഷേധിച്ചിരുന്നു. മുൻ യു.എസ് മറീനായ ഓസ്‌വാൾഡ് മുമ്പ് സോവിയറ്റ് യൂണിയനിൽ താമസിച്ചിട്ടുണ്ടെന്നതിനാൽ കെന്നഡി വധത്തിന് പിന്നിൽ സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി ആണോയെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. 24കാരനായ ഓസ്‌വാൾഡ് മാത്രമാണ് പ്രതിയെന്നും സംശയാസ്പദമായ മ​റ്റു തെളിവുകളില്ലെന്നുമായിരുന്നു അന്വേഷണ സംഘത്തിന്റ കണ്ടെത്തൽ.

എന്നാൽ ഇന്നും ഓസ്‌വാൾഡ് അല്ല കെന്നഡി വധത്തിലെ യഥാർത്ഥ കുറ്റവാളിയെന്ന് വിശ്വസിക്കുന്ന നിരവധി അമേരിക്കക്കാരുണ്ട്. കെന്നഡി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമായെന്നും ഓസ്‌വാൾഡിനെ അതിന്റെ മറയാക്കിയെന്നും ചിലർ കരുതുന്നു. കെന്നഡി വധം സംബന്ധിച്ച് പല രേഖകളും അമേരിക്കൻ അന്വേഷണ ഏജൻസികൾ രഹസ്യമായി സൂക്ഷിക്കുന്നതും ഇതിന് ആക്കം കൂട്ടുന്നു.

കെന്നഡി വധവുമായി ബന്ധപ്പെട്ട സി.ഐ.എ രഹസ്യസന്ദേശങ്ങൾ ഉൾപ്പെടെ 1,500 രഹസ്യ രേഖകൾ കഴിഞ്ഞ വർഷം ഡിസംബറിൽ യു.എസ് ഭരണകൂടം പുറത്തുവിട്ടിരുന്നു. വധത്തിന് മുമ്പ് മെക്സികോ സി​റ്റിയിലെ റഷ്യൻ, ക്യൂബൻ എംബസികളിലേക്ക് ഓസ്‌വാൾഡ് യാത്ര ചെയ്തെന്നും മ​റ്റും സി.ഐ.എ രേഖകളിലുണ്ട്. കെന്നഡി വധത്തിന് ഒരു മാസം മുമ്പാണ് ടെക്സസ് അതിർത്തി കടന്ന് ഓസ്‌വാൾഡ് യു.എസിലെത്തിയത്. അതിന് മുമ്പ് റഷ്യൻ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനുമായി ഓസ്‌വാൾഡ് ബന്ധപ്പെട്ടെന്നും സി.ഐ.എ കണ്ടെത്തിയിരുന്നു.

 അ‌‌ജ്ഞാത സാന്നിദ്ധ്യം

കെന്നഡി വധവുമായി ബന്ധപ്പെട്ട് നിരവധി പേരാണ് സംശയത്തിന്റെ നിഴലിൽ വന്നത്. കെന്നഡിയെ കാണാൻ അന്ന് അണിനിരന്ന അജ്ഞാതർ അതിൽപ്പെടുന്നു. ഇക്കൂട്ടത്തിൽ ബബുഷ്‌ക ലേഡി എന്നറിയപ്പെടുന്ന അജ്ഞാത സ്ത്രീയെ ഇന്നും തിരിച്ചറിഞ്ഞിട്ടില്ല.

കെന്നഡി കൊല്ലപ്പെടുന്ന സമയം സംഭവ സ്ഥലത്തുണ്ടായിരുന്ന ഈ സ്ത്രീയെ കെന്നഡി വധിക്കപ്പെടുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പരിശോധിക്കവെയാണ് ഉദ്യോഗസ്ഥർ കണ്ടത്. മദ്ധ്യവയസ്‌കയായ അവർ റഷ്യൻ സ്ത്രീകൾ ധരിക്കുന്ന പോലൊരു സ്‌കാർഫ് തലയിൽക്കെട്ടിയിരുന്നു.

റഷ്യൻ ഭാഷയിൽ ' ബബുഷ്‌ക ' എന്ന വാക്കിനർത്ഥം പ്രായമായ സ്ത്രീ എന്നാണ്. കൈയ്യിൽ ഒരു കാമറയുമായി നിന്ന ഈ സ്ത്രീ തന്റെ കാമറ മുഖത്തോട് ചേർത്ത് വച്ച് ചിത്രങ്ങൾ പകർത്തുന്നത് കെന്നഡി വധത്തിന്റെ ഫോട്ടോകളിലും വീഡിയോയിലും കാണാം.

കെന്നഡിയ്ക്ക് വെടിയേൽക്കുമ്പോഴും അവർ ചിത്രങ്ങൾ പകർത്തുന്നുണ്ടായിരുന്നു. മറ്റുള്ളവർ ചിതറിയോടുമ്പോഴും ചിത്രങ്ങൾ പകർത്തിയ ഈ അജ്ഞാത സ്ത്രീ പിന്നീട് എങ്ങോട്ടോ നടന്നകന്നു. ഒരു പക്ഷേ, കെന്നഡിയുടെ ഘാതകനെ ഈ സ്ത്രീ പകർത്തിയിരിക്കാം എന്ന നിഗമനത്തിൽ എഫ്.ബി.ഐ അടക്കമുള്ള ഏജൻസികൾ അന്വേഷണം ആരംഭിച്ചെങ്കിലും അവർ ആരാണെന്ന് കണ്ടെത്താനായില്ല. ആരായിരുന്നു അവർ ? കെന്നഡിയുടെ കൊലയാളിയായ ഓസ്‌വാൾഡുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടായിരുന്നോ ? ചോദ്യങ്ങൾ ഇന്നും ദുരൂഹമായി തുടരുന്നു. !