binoy-kodiyeri

മുംബയ്: ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് ബിനോയിയും പരാതിക്കാരിയായ ബിഹാർ സ്വദേശിനിയും ബോംബെ ഹൈക്കോടതിയിൽ അപേക്ഷ നൽകിയതായി ഒരു സ്വകാര്യ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

ഇതുമായി ബന്ധപ്പെട്ട് പരാതിക്കാരി പ്രതികരിച്ചിട്ടില്ല. ക്രിമിനൽ കേസായതിനാൽ മറ്റ് വശങ്ങൾ കൂടി പരിഗണിക്കണമെന്ന് കോടതി അറിയിച്ചു. ബിനോയ് വിവാഹ വാഗ്ദ്ധാനം നൽകി പീഡിപ്പിച്ചന്ന് ആരോപിച്ച് ബീഹാറുകാരിയായ യുവതി 2019 ജൂൺ 13നാണ് ഓഷിവാര പൊലീസിൽ പരാതി നൽകിയത്. ബന്ധത്തിൽ തനിക്ക് ഒരു കുട്ടിയുണ്ടെന്നും യുവതി ആരോപിച്ചിരുന്നു.

വ്യാജ പരാതിയാണെന്നും എഫ് ഐ ആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ബിനോയ് കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഡി എൻ എ പരിശോധന നടത്തിയിരുന്നു. ഈ ഫലം കഴിഞ്ഞ രണ്ട് വർഷമായി സീൽ ചെയ്ത കവറിൽ ബോംബെ ഹൈക്കോടതിയിൽ സൂക്ഷിച്ചിരിക്കുകയാണ്.