leena-manimekalai

ചെന്നൈ: പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ പുകവലിക്കുന്ന ചിത്രം പങ്കുവച്ച് ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖല. പുകവലിക്കുന്ന കാളീദേവിയുടെ പോസ്റ്ററിന്റെ പേരിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് ലീന ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇത് തന്റെ സിനിമയിലെ രംഗമല്ലെന്നും ഇന്ത്യൻ ഗ്രാമങ്ങളിലെ നാടൻ കലാകാരന്മാരുടെ ജീവിതമാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് അവർ ചിത്രം പങ്കുവച്ചത്.

കാനഡയിലെ ടൊറന്റോയിൽ കഴിയുന്ന തമിഴ്നാട് സ്വദേശി ലീന തന്റെ പുതിയ ഡോക്യുമെന്ററിയുടെ പോസ്റ്റർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതോടെയാണ് വിവാദം ആരംഭിച്ചത്. കാളീദേവിയുടെ വേഷമിട്ട ഒരു സ്ത്രീ പുകവലിക്കുന്ന ദൃശ്യമായിരുന്നു പോസ്റ്ററിൽ. ഹിന്ദുദൈവങ്ങളെ അവഹേളിച്ച ലീനയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ പ്രചാരണം തുടങ്ങുകയും പല പൊലീസ് സ്റ്റേഷനുകളിലും പരാതിയെത്തുകയും ചെയ്തു. തുടർന്ന് ഉത്തർപ്രദേശ്, ഹരിയാന, മദ്ധ്യപ്രദേശ് സർക്കാരുകൾ ലീനയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Elsewhere…. pic.twitter.com/NGYFETMehj

— Leena Manimekalai (@LeenaManimekali) July 7, 2022

ഇന്ത്യൻ നയതന്ത്രകാര്യാലയത്തിന്റെ പരാതിയെത്തുടർന്ന് ടൊറന്റോയിലെ ആഗാഖാൻ മ്യൂസിയത്തിൽ നടക്കുന്ന റിഥം ഒഫ് കാനഡ മേളയിൽ നിന്ന് ഈ ഡോക്യുമെന്ററി ഒഴിവാക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് പരമശിവന്റെയും പാർവതിയുടെയും വേഷമിട്ടവർ ഇടവേളയിൽ പുകവലിക്കുന്ന ചിത്രം ലീന പങ്കുവച്ചത്.