vd-satheesan

തിരുവനന്തപുരം: ഗോൾവാൾക്കർ പരാമർശവുമായി ബന്ധപ്പെട്ടുള്ള ആർ എസ് എസ് നോട്ടീസ് അവജ്ഞയോടെ തള്ളുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമനടപടി നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.


'വിചിത്രമായ നോട്ടീസാണ് ഇപ്പോൾ കിട്ടിയിരിക്കുന്നത്. വക്കീൽ നോട്ടീസല്ല, ആർ എസ് എസിന്റെ സംസ്ഥാന കമ്മിറ്റി തന്നെ ഒരു നോട്ടീസയച്ചിരിക്കുകയാണ്. ഞാൻ പറഞ്ഞത് തെറ്റാണെന്നും അത് പിൻവലിക്കണം, മേലാൽ ഇങ്ങനെ പറയാൻ പാടില്ലെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. അർഹിക്കുന്ന അവജ്ഞയോടെ ഞാൻ തള്ളിക്കളയുന്നു. ഇതുസംബന്ധിച്ച് ഏത് നിയമനടപടിയും നേരിടാൻ ഞാൻ തയ്യാറാണ്.'- അദ്ദേഹം വ്യക്തമാക്കി.

ഗോള്‍വാള്‍ക്കറിന്റെ 'ബഞ്ച് ഒഫ് തോട്ട്സ്' എന്ന പുസ്തകത്തില്‍ പറഞ്ഞ അതേവാക്കുകളാണ് മുൻമന്ത്രി സജി ചെറിയാൻ പറഞ്ഞതെന്നായിരുന്നു സതീശന്‍റെ പ്രസ്താവന. എന്നാൽ ഗോള്‍വാള്‍ക്കറുടെ പുസ്തകത്തിൽ സജി ചെറിയാന്‍ പറഞ്ഞ കാര്യങ്ങളില്ലെന്നായിരുന്നു ആർ എസ് എസിന്റെ നോട്ടീസിലുള്ളത്.