
കഴിഞ്ഞ ദിവസമാണ് നടൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ ചെറിയ അസ്വസ്ഥത തോന്നിയതുകൊണ്ടാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെങ്കിലും മാദ്ധ്യമങ്ങളിലെല്ലാം വിക്രമിന് ഹൃദയാഘാതമെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. അതിന് പിന്നാലെ വിക്രമിന്റെ ആരോഗ്യനിലയെ കുറിച്ച് പ്രതികരണവുമായി മകനും നടനുമായ ധ്രുവ് വിക്രം എത്തി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അപ്പയ്‌ക്ക് ഹൃദയാഘാതമായിരുന്നില്ലെന്നും നെഞ്ചിൽ ചെറിയ അസ്വസ്ഥതയുണ്ടായതുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമായിരുന്നു അദ്ദേഹം കുറിച്ചത്. വിക്രമിനും കുടുംബത്തിനും ഈ അവസരത്തിൽ സ്വകാര്യത നൽകണമെന്നും ചിയാൻ സുഖമായിരിക്കുന്നുവെന്നും ധ്രുവ് കൂട്ടിച്ചേർത്തു.
വെള്ളിയാഴ്ച വൈകിട്ട് മണിരത്നത്തിന്റെ പൊന്നിയൻ സെൽവന്റെ ടീസർ റിലീസ് ചടങ്ങിൽ പങ്കെടുക്കേണ്ടതായിരുന്നു വിക്രം. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അദ്ദേഹം എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിക്രമിന് അസ്വസ്ഥത തോന്നിയതുകൊണ്ട് ചെന്നൈ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പിന്നാലെ, വിക്രമിന് ഹൃദയാഘാതമാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കൽ ബുള്ളറ്റിനിലൂടെ ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്. മുറിയിലേക്ക് മാറ്റിയ അദ്ദേഹം മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. ആരോഗ്യനിലയിൽ പുരോഗതിയുള്ളതിനാൽ അദ്ദേഹം ഇന്ന് തന്നെ ആശുപത്രി വിട്ടേക്കും.