beauty

മാറി വരുന്ന കാലാവസ്ഥ കാരണം വിവിധ ചർമപ്രശ്നങ്ങളാണ് പലരെയും അലട്ടുന്നത്. അതിൽ പ്രധാനപ്പെട്ട പ്രശ്നങ്ങളാണ് ബ്ലാക്ക് ഹെഡ്സും വൈറ്റ് ഹൈഡ്സും. മുഖത്തുണ്ടാകുന്ന കറുത്ത പാടുകൾക്ക് കാരണവും ഇവയാണ്. പല വഴികളും പരീക്ഷിച്ച് മടുത്ത ശേഷം എല്ലാവരും ചെന്നെത്തുന്നത് ബ്യൂട്ടി പാർലറുകളിലാണ്. എന്നാൽ ബ്യൂട്ടി പാർലറുകളിൽ പോയി ട്രീറ്റ്മെന്റ് ചെയ്യുന്നതിലൂടെ ഈ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയില്ല. ബ്ലാക്ക് ഹെഡ്സ് എന്ന പ്രശ്നം എന്തുകൊണ്ട് വരുന്നു, പരിഹാരമാർഗങ്ങൾ എന്തെല്ലാം, എങ്ങനെ തടയാം എന്നതിനെ പറ്റി അറിയാം.

ബ്ലാക്ക് ഹെഡ്സ്

ചർമത്തിലെ സുഷിരങ്ങളിൽ അഴുക്കടിഞ്ഞു കൂടുന്നതും മെലാനിൻ ഉൽപ്പാദനം ചർമത്തിൽ അധികമാകുന്നതുമാണ് ബ്ലാക്ക് ഹെഡ്സ് വരാനുള്ള പ്രധാന കാരണം. ഇതിലൂടെ കൂടുതൽ സെബം ചർമ കോശങ്ങളിൽ ഉണ്ടാവുന്നതിന്റെ ഫലമായാണ് ബ്ലാക്ക് ഹെഡ്സായി രൂപപ്പെടുന്നത്. കൂട്ടത്തോടെ കാണുന്ന ഈ കറുത്ത കുത്തുകൾ സൂര്യപ്രകാശമേൽക്കുമ്പോൾ പെട്ടെന്നു തന്നെ കൂടും. മുഖത്തിന്റെ ഒരു ഭാഗത്ത് അടിഞ്ഞുകൂടി ആ ഭാഗത്ത് നിറവ്യത്യാസമുണ്ടാകുന്നതിനും കാരണമാകുന്നു.

black-heads

തടയാൻ

ബ്ലാക്ക് ഹെഡ്സ് വരുന്നത് തടയാൻ മുഖം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. വെയിലിൽ ഇറങ്ങുമ്പോൾ സൺസ്ക്രീൻ ഉപയോഗിക്കുക. പുറത്ത് പോയി വന്നയുടൻ മുഖം നന്നായി വൃത്തിയാക്കുക. എണ്ണമയമുള്ള ചർമമാണെങ്കിൽ അഴുക്ക് അടിഞ്ഞ് ബ്ലാക്ക് ഹെഡ്സ് വരാൻ സാദ്ധ്യത കൂടുതലാണ്.

പൊടിക്കൈ

വീട്ടിലിരുന്നുകൊണ്ടു തന്നെ നിങ്ങളുടെ ഏറ്റവും വലിയ പ്രശ്നത്തിന് പരിഹാരം കാണാം. ഈ ഫേസ്പാക്ക് ആഴ്ചയിൽ രണ്ട് തവണ ഉപയോഗിക്കുന്നതിലൂടെ മുഖത്തെ കുരുക്കളും പാടുകളും നീക്കം ചെയ്യാനും മൃദുവായ ചർമം സ്വന്തമാക്കാനും സഹായിക്കുന്നു.

ആവശ്യമുള്ള വസ്തുക്കള്‍

1 വാഴപ്പഴം (ഉടച്ചത് )

2 സ്പൂൺ ഓട്സ് (പൊടിച്ചത് )

1 സ്പൂൺ തേൻ

തയാറാക്കുന്ന വിധം: ഒരു ബൗളിൽ ഓട്സ് എടുത്തിനുശേഷം തേനും ഉടച്ച പഴവും ചേർത്തു നന്നായി ഇളക്കുക.

ഉപയോഗക്രമം: ഈ‌ മിശ്രിതം താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ അഞ്ച് മുതൽ ഏഴ് മിനിട്ട് വരെ മുഖത്ത് സ്ക്രബ് ചെയ്യുക. ഇതിനുശേഷം ചൂടുവെള്ളം ഉപയോഗിച്ചു മുഖം കഴുകുക. ശേഷം അനുയോജ്യമായ ഏതെങ്കിലും മോയിസ്ച്വറൈസർ മുഖത്ത് പുരട്ടുക.

മൃതകോശങ്ങളെ പുറംതള്ളുന്നതിനും മുഖത്തെ അഴുക്ക് നീക്കം ചെയ്യുന്നതിനും ഓട്സ് ഉത്തമമാണ്. ഇത് കൂടാതെ ചർമത്തിൽ കൂടുതലുള്ള എണ്ണ വലിച്ചെടുക്കാനും ഓട്സിന് കഴിയും. കോശങ്ങളെ ഉത്തേജിപ്പിക്കാനും ബാക്ടീരിയകളെ നിർജ്ജീവമാക്കാനും തേൻ സഹായിക്കുന്നു. വാഴപ്പഴവും ഓട്സും ചർമത്തിന്റെ ഊർജം ഇരട്ടിയാക്കുന്നു.