പത്തനംതിട്ട: പന്തളം സ്വദേശി റിസ റെജി ( 23 ) ഡൗൺ സിൻഡ്രം വിഭാഗക്കാരുടെ ലോക ഫാഷൻ ഷോയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യാക്കാരിയായി. നവംബർ 12ന് അമേരിക്കയിലെ ഡെൻവറിൽ നടക്കുന്ന ഫാഷൻ ഷോയിൽ റിസ റാമ്പിലെത്തുമ്പോൾ ഇന്ത്യാക്കാർക്ക് അഭിമാന നിമിഷമാകും. വിവിധ രാജ്യങ്ങളിൽ നിന്ന് ഇരുപത് മോഡലുകളാണ് പങ്കെടുക്കുന്നത്.

ഗ്ളോബൽ ഡൗൺസിൻഡ്രം ഫൗണ്ടേഷൻ ഡൗൺ സിൻഡ്രം വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ധനസമാഹരണത്തിനാണ് വാർഷിക ഫാഷൻ ഷോ നടത്തുന്നത്.

പന്തളം കുരമ്പാല ഇന്ദുഭവനിൽ റെജി വഹീദിന്റെയും അനിതയുടെയും ഇളയമകളാണ് റിസ. ബംഗളുരുവിൽ കോറമംഗലയിലാണ് സ്ഥിരതാമസം. പാട്ടിലും ഡാൻസിലും സ്റ്റേജ് ഷോകളിലും ജനപ്രിയ താരമാണ്.

ബംഗളുരുവിൽ ക്രിസാലിസ് പെർഫോമൻസ് ആർട്ട് സെന്ററിൽ അഭിനയം പരിശീലിക്കുന്നു. മണിപ്പാൽ സൃഷ്ടി ആർട്ട് ഡിസൈൻ ആൻഡ് ടെക്നോളജിയിലെ അദ്ധ്യാപകനാണ് റിസയുടെ പിതാവ് റെജി വഹീദ്.

ഡൗൺ സിൻഡ്രം വിഭാഗങ്ങൾക്കായുള്ള ബ്യൂട്ടിഫുൾ ടുഗെദർ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ സഹസ്ഥാപകരാണ് റെജി വഹീദും അനിതയും. റിസയുടെ മൂത്ത സഹോദരി റേയ മുംബയിൽ അഡ്വർടൈസിംഗ് കമ്പനിയിൽ അസോസിയേറ്റ് ക്രിയേറ്റീവ് ഡയറക്ടറാണ്.

risa