
പാലിൽവീണ വിഷത്തുള്ളി പോലെയാണ് പൊലീസിന്റെ മാഫിയാ ബന്ധം. തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ പൊലീസുണ്ടെന്ന ധൈര്യത്തിലാണ് ജനങ്ങൾ സുഖമായി ജീവിക്കുന്നത്. രാപകൽ അധ്വാനിച്ച് പൊലീസ് ക്രമസമാധാന തകർച്ചയുണ്ടാവാതെ, ജനങ്ങൾക്ക് സംരക്ഷണമൊരുക്കുന്നു. രാജ്യത്തെ മുൻനിരയിലുള്ള പൊലീസാണ് കേരളത്തിലേത്. കുറ്റാന്വേഷണത്തിലും ക്രമസമാധാന പാലനത്തിലുമെല്ലാം മുൻപന്തിയിൽ. എന്നാൽ, ചെറിയൊരു വിഭാഗം പൊലീസുകാർ ഗുണ്ടകളുമായും മാഫിയകളുമായും തോളിൽ കൈയിട്ട് സേനയ്ക്കാകെ നാണക്കേടുണ്ടാക്കുന്നു. കോട്ടയത്ത് ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയും സൈബർസെല്ലിലെ സി.ഐയുമടക്കം നാല് ഉദ്യോഗസ്ഥരാണ് ഗുണ്ടാത്തലവനുമായി ചങ്ങാത്തമുണ്ടാക്കി കുടുങ്ങിയത്. ഗുണ്ടകൾക്ക് വിവരങ്ങൾ ചോർത്തി നൽകിയും, മാസപ്പടി വാങ്ങി കീശ നിറച്ചും അവരുടെ സത്കാരം സ്വീകരിച്ചും അറുപതിനായിരത്തോളം വരുന്ന സേനയ്ക്കാകെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ് ഈ ക്രിമിനൽ പൊലീസുകാർ.
കൊലവെറിയുമായി നാടുവിറപ്പിക്കുന്ന ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥർ അവിശുദ്ധ ബന്ധം പുലർത്തുന്നതായി അടുത്തിടെ തുറന്നടിച്ചത് ഇന്റലിജൻസ് മേധാവി ടി.കെ.വിനോദ്കുമാർ ആയിരുന്നു. ഉന്നത പൊലീസ് യോഗത്തിലായിരുന്നു ഇന്റലിജൻസ് മേധാവിയുടെ ധൈര്യപൂർവമുള്ള ഈ തുറന്നുപറച്ചിൽ. മണ്ണ്- മണൽ മാഫിയ മുതൽ കൊടുംക്രിമിനലുകൾ വരെയുള്ളവരുമായി പൊലീസിന് ചങ്ങാത്തമുണ്ട്. ജില്ലകളിൽ ക്രിമിനൽ ബന്ധമുള്ള പൊലീസുകാരെക്കുറിച്ചുള്ള വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം നൽകുമ്പോൾ, മേലുദ്യോഗസ്ഥർ ഉഴപ്പുന്നതാണ് പതിവ്. ഇത് അവസാനിപ്പിച്ച് ഉടനടി ജില്ലാ പൊലീസ് മേധാവിമാർ നടപടിയെടുക്കണമെന്നാണ് ഇന്റലിജൻസ് മേധാവി ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തിൽ ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള നടപടികൾ ശക്തിപ്പെടുത്തണമെന്നും സംസ്ഥാന, ജില്ലാ തലത്തിൽ ഗുണ്ടാവേട്ടയ്ക്കുള്ള പ്രത്യേക സംഘങ്ങളുണ്ടാക്കണമെന്നും ഗുണ്ടാവിരുദ്ധ പ്രവർത്തനങ്ങൾ എസ്.പിമാർ ഏകോപിപ്പിക്കണമെന്നുമൊക്കെ ഡി.ജി.പി അനിൽകാന്ത് ഉത്തരവിറക്കിയെങ്കിലും പൊലീസ്- ഗുണ്ടാ ബന്ധം സജീവമായി തുടരുകയാണ്.
ഉന്നതഉദ്യോഗസ്ഥരുടെ നോട്ടപ്പിശകാണ് താഴേത്തട്ടിൽ പൊലീസ്- ഗുണ്ടാ ചങ്ങാത്തത്തിന് കാരണമെന്ന് വ്യക്തമാണ്. സർക്കാരിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇൻസ്പെക്ടർ മുതൽ എ.ഡി.ജി.പി വരെ പലതട്ടുകളിലായുണ്ടായിരുന്ന മേൽനോട്ട സംവിധാനം പൊളിച്ചടുക്കി പൊലീസിനെ നിർവീര്യമാക്കിയതാണ് ഗുണ്ടകൾ തഴച്ചുവളരാനിടയാക്കിയത്. ഇൻസ്പെക്ടർ എസ്.എച്ച്.ഒ വന്നതോടെ യുവ എസ്.ഐമാർ ഒതുക്കപ്പെട്ടു. പത്തുവർഷം വരെ എസ്.ഐയായിരുന്ന ശേഷം ഇൻസ്പെക്ടരായവരെ സ്റ്റേഷനിൽ കൊണ്ടിരുത്തി എസ്.ഐയുടെ ജോലി ചെയ്യിപ്പിക്കുന്നു. അവരും അസംതൃപ്തരാണ്. ഗുണ്ടകളെ ഓടിച്ചിട്ടുപിടിച്ച് അകത്താക്കിയിരുന്ന 'ചോരത്തിളപ്പുള്ള ' എസ്.ഐമാർ ഗതാഗതം നിയന്ത്രിച്ചും വി.ഐ.പി സുരക്ഷാജോലി ചെയ്തും കഴിയുന്നു. രണ്ട് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടമുണ്ടായിരുന്നത് ഇല്ലാതായതോടെ, സ്റ്റേഷനുകളുടെ പ്രവർത്തനം തോന്നുംപടിയാണ്. ഗുണ്ടകളുടെയും സ്ഥിരം കുറ്റവാളികളുടെയും വിവരങ്ങൾ പോലും മിക്കയിടത്തുമില്ല. സ്റ്റേഷനുകൾ തമ്മിൽ ഏകോപനമില്ലാതായി. ഗുണ്ടാനിയമം ചുമത്താൻ ഗുണ്ടകളുടെ 7വർഷത്തെ കേസ് ചരിത്രം വേണം. ഇത് മിക്കയിടത്തുമില്ല. ഉള്ള വിവരങ്ങൾ പ്രകാരം ഗുണ്ടാനിയമം ചുമത്താൻ അപേക്ഷിക്കുകയും നിരസിക്കപ്പെടുകയും ഗുണ്ടകൾ രക്ഷപെടുകയും ചെയ്യുന്നത് പതിവായി.
സ്റ്റേഷൻ തലത്തിൽ സ്ക്വാഡുണ്ടാക്കി ഗുണ്ടകളെ ഒതുക്കാൻ ഡിജിപി അനിൽകാന്ത് പ്രഖ്യാപിച്ച 'ഓപ്പറേഷൻ കാവൽ' അമ്പേ പരാജയപ്പെട്ടത് ഏകോപനവും മേൽനോട്ടവും പിഴച്ചതിനാലാണ്. രണ്ടും മൂന്നും എസ്.ഐമാരും അരഡസനിലേറെ ഗ്രേഡ് എസ്.ഐമാരും സ്റ്റേഷനുകളിലുണ്ട്. സ്റ്റേഷൻ ഭരണം നഷ്ടമായ എസ്.ഐമാർ ഗുണ്ടാവേട്ടയിലടക്കം ഉശിരുകാട്ടാറില്ല. ഒമ്പത് സ്റ്റേഷനുകളുടെ മേൽനോട്ടത്തിന് ഒരു ഡിവൈ.എസ്.പിയുണ്ടെങ്കിലും മേൽനോട്ടം പേരിനുമാത്രം. ഇതിലൊരു ക്രമസമാധാന ചുമതലയുള്ള ഡിവൈ.എസ്.പിയാണ് ഗുണ്ടയുമായി ചങ്ങാത്തമുണ്ടാക്കിയത്. സ്റ്റേഷനുകളിൽ ഡിവൈ.എസ്.പിമാർ മിന്നൽപരിശോധന നടത്തുന്നതും ഇല്ലാതായിട്ടുണ്ട്. ഗുണ്ടാലിസ്റ്റുണ്ടാക്കുന്നതും കാപ്പചുമത്തുന്നതുമെല്ലാം ഡിവൈ.എസ്.പിമാരുടെ മേൽനോട്ടത്തിലായിരുന്നത് ഇല്ലാതായി. ഗുണ്ടാലിസ്റ്റുണ്ടാക്കാനും കരുതൽ തടങ്കിലിനുമുള്ള അപേക്ഷ കളക്ടർക്ക് നൽകാനും ഏതെങ്കിലും പൊലീസുകാരാനെയാവും ചുമതലപ്പെടുത്തുക. മുതിർന്ന ഉദ്യോഗസ്ഥർ ഇക്കാര്യങ്ങളിൽ ഇടപെടാറില്ല. സ്ഥിരം ക്രിമിനലുകളുടെ ഏഴുവർഷത്തെ കേസ് ചരിത്രം സഹിതമാണ് കളക്ടർക്ക് അപേക്ഷ നൽകേണ്ടത്. ഇതിൽ കേസ് നമ്പറുകളും വകുപ്പും സെക്‌ഷനുകളും തെറ്റായെഴുതിയാണ് ഗുണ്ടകളെ രക്ഷിക്കുക. വിവരങ്ങൾ തെറ്റാണെങ്കിൽ കളക്ടർക്ക് കരുതൽ തടങ്കലിന് ഉത്തരവിടാനാവില്ല. കളക്ടർ നടപടിയെടുത്താൽ കാപ്പ ബോർഡിലും ഹൈക്കോടതിയിലും അപ്പീൽ നൽകി ഗുണ്ടകൾ ഊരിപ്പോകും.
നാല് പൊലീസ് ജില്ലകൾക്ക് റേഞ്ച് ഡി.ഐ.ജിയും അവരുടെ മേൽനോട്ടത്തിന് സോണൽ ഐ.ജിമാരും അതിനുമേൽ ഉത്തര, ദക്ഷിണ മേഖലാ എ.ഡി.ജി.പിമാരുമുണ്ടായിരുന്നു. ഈ മേൽനോട്ട സംവിധാനം പൊളിച്ചടുക്കി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കമ്മിഷണറായി ഐ.ജിയെ നിയമിച്ചു. റേഞ്ചിൽ ഡി.ഐ.ജിമാരെ നിയമിച്ചു. സോണൽ ഐ.ജിമാർക്കാവട്ടെ സിറ്റികളുടെ നിയന്ത്രണമില്ലാതാക്കി. മേഖലാ എ.ഡി.ജി.പിമാരെ ഇല്ലാതാക്കി സംസ്ഥാനത്തിന്റെയാകെ ക്രമസമാധാന ചുമതല ഒറ്റ എ.ഡി.ജി.പിക്ക് നൽകി. ഈ ചുതലയിലുള്ള വിജയ് സാക്കറെ പൊലീസ് ആസ്ഥാനത്തായിരിക്കും. ഇതോടെ ജില്ലകൾ എസ്.പിമാരുടെ സാമ്രാജ്യമായി മാറി. കേസുകളും അധികാരപരിധിയും ജനസംഖ്യയും പൊലീസുകാരുടെ തസ്തികയും കൂടുതലുള്ള 200സ്റ്റേഷനുകളിൽ ഇൻസ്പെക്ടർമാരെ എസ്.എച്ച്.ഒമാരാക്കാനുള്ള ശുപാർശ അട്ടിമറിച്ചാണ് 468സ്റ്റേഷനുകളിലും പരിഷ്കാരം നടപ്പാക്കിയത്. 243എസ്.ഐമാർക്ക് ഒറ്റയടിക്ക് സ്ഥാനക്കയറ്റം കിട്ടി. ഇവരുടെ ജൂനിയർ ബാച്ച് നാലുവർഷം കൊണ്ട് ഇൻസ്പെക്ടർമാരായി. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവ വേർതിരിക്കുന്നതിന് നടപ്പാക്കിയ പരിഷ്കാരം ഫലംകണ്ടതുമില്ല. കേസുകളുടെ അടിസ്ഥാനത്തിൽ എ, ബി, സി കാറ്റഗറി സ്റ്റേഷനുകളുണ്ട്. സി-കാറ്റഗറിയിൽ ഇൻസ്പെക്ടറെ മാറ്റി എസ്.ഐയെ എസ്.എച്ച്.ഒ ആക്കാൻ സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. ഇൻസ്പെക്ടർമാരെ കുറ്റാന്വേഷണത്തിന് ക്രൈംബ്രാഞ്ചിൽ നിയോഗിക്കാം.
രാഷ്ട്രീയ സ്വാധീനവും വിന
കൊലവിളിയുമായി ഗുണ്ടകൾ നാടുവാഴുമ്പോഴും ഗുണ്ടാത്തലവന്മാരെ ഗുണ്ടാനിയമം ചുമത്തി ജയിലിലടയ്ക്കാനും നാടുകടത്താനുമുള്ള നടപടികൾ അട്ടിമറിക്കുന്നത് പൊലീസാണ്. രാഷ്ട്രീയ സ്വാധീനമുള്ള ഗുണ്ടകളെ ഗുണ്ടാലിസ്റ്റിൽ പെടുത്താതിരിക്കാനാണ് ആദ്യം ശ്രമിക്കുക. നടന്നില്ലെങ്കിൽ ഗുണ്ടാനിയമം ചുമത്താൻ കളക്ടർക്ക് നൽകുന്ന അപേക്ഷയിൽ തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തും. ഇതോടെ കളക്ടർമാർക്ക് കരുതൽതടങ്കലിന് ഉത്തരവിടാനാവാത്തതിനാൽ ഗുണ്ടകൾ നാട്ടിൽ സസുഖം വാഴും. ഗുണ്ടാലിസ്റ്റിൽപെട്ട 'വേണ്ടപ്പെട്ടവരെ' ഒഴിവാക്കിയെടുക്കാനും ശിക്ഷ നീട്ടാതിരിക്കാനും തലസ്ഥാനത്ത് ചില മുതിർന്ന ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയ ചരിത്രമുണ്ട്. കളക്ടർമാരെ രാഷ്ട്രീയക്കാർ സ്വാധീനിക്കുന്നതും പതിവാണ്. രാഷ്ട്രീയക്കാർക്കും പൊലീസിനുമെല്ലാം ഒരുപോലെ വേണ്ടപ്പെട്ടവരാണ് ഗുണ്ടകൾ എന്നതാണ് ഇതിനൊക്കെ കാരണം. രണ്ടിലേറെ ക്രിമിനൽകേസുകളിൽ പ്രതികളായവരാണ് ഗുണ്ടാവേട്ടയുടെ ഇരകൾ. രണ്ടാഴ്ചകൊണ്ട് 14,000പേരെ അറസ്റ്റ് ചെയ്തെന്ന് മേനിനടിക്കാൻ പൊലീസ് പിടികൂടുന്നത് ഇത്തരക്കാരെയാണ്. ഇതിന്റെ മറവിൽ അപകടകാരികളായ ഗുണ്ടാത്തലവന്മാർ കൊലവിളിയുമായി നാട്ടിലിറങ്ങും.
കാപ്പ വേണ്ടവിധം ഉപയോഗിക്കണം
പൊതുസമൂഹത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാവുന്ന കൊടുംകുറ്റവാളികളെ തുറങ്കലിലടയ്ക്കാനുള്ള നിയമമാണ് കാപ്പ. കൊള്ളപ്പലിശക്കാർ, അംഗീകൃതമല്ലാത്ത പണമിടപാടുകാർ, വസ്തുക്കൾ തട്ടിയെടുക്കുന്നവർ, ഹവാല ഇടപാടുകാർ, ഗുണ്ടാപ്പിരിവുകാർ, അനാശ്യാസക്കാർ, ഗുണ്ടകൾ, ബ്ലേഡ്-മണൽ മാഫിയ, കള്ളനോട്ടടിക്കാർ, മയക്കുമരുന്ന്-വ്യാജമദ്യ ഇടപാടുകാർ എന്നിവർക്കെതിരെ ചുമത്താം. ജില്ലാമജിസ്ട്രേറ്റിന് ഗുണ്ടകളെ ഒരുവർഷംവരെ സ്വന്തം ജില്ലയിൽ നിന്ന് നാടുകടത്താം. ഏഴ് വർഷത്തെ കേസുകളാണ് പരിഗണിക്കുക. ഇതിൽ അഞ്ച് വർഷമെങ്കിലും ശിക്ഷകിട്ടാവുന്ന ഒരു കേസെങ്കിലുമുണ്ടാവണം. അല്ലെങ്കിൽ ഒന്നുമുതൽ അഞ്ചുവർഷം വരെ ശിക്ഷിക്കപ്പെടാവുന്ന രണ്ട് കേസുകൾ. അതുമല്ലെങ്കിൽ മൂന്ന് കേസുകൾ വിചാരണാ ഘട്ടത്തിലായിരിക്കണം. ഇവർക്കെതിരെ സി.ആർ.പി.സി 170-ാംവകുപ്പുപ്രകാരം കേസെടുക്കും. നല്ലനടപ്പ് വിധിച്ചിട്ടും രക്ഷയില്ലെങ്കിൽ ഒരുവർഷം കരുതൽ തടങ്കലിലാക്കും. ഗുണ്ടാനിയമം ചുമത്താനുള്ള അപേക്ഷകളിൽ ഉദാസീനത പാടില്ലെന്നും കാലതാമസം വരുത്തരുതെന്നുമാണ് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം. അപേക്ഷകൾ സെക്‌ഷനുകളിലേക്ക് കൈമാറാതെ സബ് കളക്ടറോ ആർ.ഡി.ഒയോ ഡെപ്യൂട്ടി കളക്ടറോ നേരിട്ട് പരിശോധിക്കണം. രേഖകൾ കൃത്യമാണെങ്കിൽ അപേക്ഷകളിൽ കാലതാമസം വരുത്താതെ തീരുമാനമെടുക്കണം. ജില്ലാഭരണകൂടവും പൊലീസും ഏകോപനത്തോടെയും പരസ്പര സഹകരണത്തോടെയും പ്രവർത്തിക്കണം. മതിയായ കാരണമില്ലാതെ തീരുമാനം നീട്ടിവയ്ക്കരുത്. ആറുമാസത്തിലേറെ ഫയലുകൾ പിടിച്ചുവയ്ക്കുന്ന സ്ഥിതി ഒഴിവാക്കണം.
ഗുണ്ടാവേട്ട പരാജയപ്പെട്ടത് ഇങ്ങനെ
'ഓപ്പറേഷൻ കാവൽ' എന്നപേരിൽ ഡിജിപി പ്രഖ്യാപിച്ച ഗുണ്ടാവേട്ടയും സ്റ്റേഷൻ-ജില്ലാ തലത്തിൽ പ്രഖ്യാപിച്ച പ്രത്യേകദൗത്യവും പരാജയപ്പെട്ടത് പൊലീസുകാരുടെ നിസഹകരണം കാരണമായിരുന്നു. വർഷങ്ങളായി നടപ്പാക്കാതിരുന്ന വാറണ്ടുകൾ നടപ്പാക്കിയും ചില്ലറ പരിശോധനകൾ നടത്തിയതുമല്ലാതെ ഗുണ്ടകളെ അമർച്ച ചെയ്യാൻ പൊലീസ് നടപടിയെടുത്തില്ല. നേരത്തേ എസ്.ഐമാർ സ്റ്റേഷൻ ഭരിക്കുമ്പോൾ ഏതെങ്കിലും പ്രദേശത്ത് ഒരു ഗുണ്ട ഉദയം ചെയ്തു തുടങ്ങുമ്പോഴേ പൊലീസ് ഇടപെടുമായിരുന്നു. 'ഇടിയൻ' എസ്.ഐയുടെ കൈയുടെ ചൂടറിഞ്ഞ് ഗുണ്ട ഒതുങ്ങുകയോ പണി മതിയാക്കുകയോ ചെയ്യുമായിരുന്നു. യുവ എസ്.ഐമാരിൽ നിന്ന് സ്റ്റേഷൻ ചുമതല സി.ഐമാർക്ക് നൽകിയതോടെ ഗുണ്ടാവേട്ട തണുത്തു. സി.ഐമാർ സ്റ്റേഷൻ ഭരണത്തിലും കുറ്റാന്വേഷണത്തിലും ശ്രദ്ധിച്ചതോടെ, നാട്ടിൽ ഗുണ്ടകൾ ശക്തരായി. യുവാക്കളായ എസ്.ഐമാർ ഗുണ്ടകളെ ഓടിച്ചിട്ടുപിടിക്കുന്ന പതിവ് ഇല്ലാതായി. പേരിനുള്ള പരിശോധനകളല്ലാതെ സ്ഥിരം ക്രിമിനലുകളെ പൂട്ടാൻ നടപടികളില്ലാതായി. സി.ഐമാർക്കുമേൽ രാഷ്ട്രീയ സമ്മർദ്ദവുമായതോടെ ഗുണ്ടകൾ വിലസാൻ തുടങ്ങി. സ്റ്റേഷൻ തലത്തിൽ ക്രൈം ഡോക്യുമെന്റേഷൻ ആൻഡ് മാനേജ്മെന്റ് സെൽ തുടങ്ങിയാലേ ഗുണ്ടകളുടെ കേസ് വിവരങ്ങൾ കൃത്യമായി ശേഖരിക്കാനാവൂ. കൃത്യമായ വിവരങ്ങളുണ്ടെങ്കിലേ കാപ്പ ചുമത്തി ശിക്ഷിക്കാനാവൂ- പൊലീസ് ഇക്കാര്യം മറക്കരുതെന്ന് റിട്ട ഐ.പി.എസ് ഉദ്യോഗസ്ഥൻ സക്കറിയാ ജോർജ്ജ് പറഞ്ഞു.