
ഫ്ളോറിഡ: അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാനയുടെ (ഫെഡറേഷൻ ഒഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക ) പുതിയ പ്രസിഡന്റായി
ഡോ. ബാബു സ്റ്റീഫനെയും ജനറൽ സെക്രട്ടറിയായി ഡോ.കല ഷാഹിയെയും ഫ്ളോറിഡയിൽ നടന്ന
വാർഷിക സമ്മേളനം തിരഞ്ഞെടുത്തു. രണ്ട് വർഷത്തേക്കാണ് ഭാരവാഹിത്വം. വാഷിംഗ്ടൺ ഡി.സി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ വ്യവസായിയും സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകനുമാണ് ബാബു സ്റ്റീഫൻ. ഇന്തോ- അമേരിക്കൻ പ്രസ് ക്ളബ്ബിന്റെ മുൻ പ്രസിഡന്റായിരുന്നു. പോൾ ചെയ്ത 284 വോട്ടിൽ 202 വോട്ടുകൾ നേടിയാണ് സ്റ്റീഫന്റെ ജയം. ട്രഷററായി ബിജു കൊട്ടാരക്കരയും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി ഷാജി വർഗീസും വിജയിച്ചു. അടുത്ത സമ്മേളനം 2024ൽ വാഷിംഗ്ടൺ ഡി.സിയിൽ നടക്കും.