
കൊല്ലം: ചുരുങ്ങിയ കാലത്തിനുള്ളിൽ സഞ്ചാരികളുടെ ഇഷ്ട സന്ദർശന കേന്ദ്രമായി മാറിയ പ്രാക്കുളം സാമ്പ്രാണിക്കോടി തുരുത്തിൽ, സൗന്ദര്യത്തിനൊപ്പം അപകടങ്ങളും ഒളിഞ്ഞിരിപ്പുണ്ട്.
സംസ്ഥാനത്ത് ആഴത്തിൽ രണ്ടാം സ്ഥാനത്തുള്ള അഷ്ടമുടികായലിന്റെ ഒത്തനടുക്ക് മുട്ടൊപ്പം വെള്ളത്തിൽ കണ്ടൽ കാടുകളുടെ ഭംഗി ആസ്വദിക്കാമെന്ന പ്രത്യേകതയാണ് ഇവിടെയുള്ളത്. അവധി ദിവസങ്ങളിൽ 3000 മുതൽ 5000 സഞ്ചാരികൾ വരെ എത്തുന്നുണ്ടെന്നാണ് ടൂറിസം വകുപ്പിന്റേതടക്കമുള്ള കണക്കുകൾ.
എന്നാൽ സഞ്ചാരികളുടെ സുരക്ഷയ്ക്ക് യാതൊരു സംവിധാനങ്ങളും അധികൃതർ ഒരുക്കിയിട്ടില്ല. ചുറ്റും വേലി, ഫ്ലോട്ടിംഗ് ബോട്ട് ജെട്ടി, ലൈഫ് ഗാർഡുകളുടെ സേവനം എന്നിവയൊക്കെ പ്രഖ്യാപിച്ചിട്ട് കാലങ്ങളായെങ്കിലും നടപടിയില്ല. തുരുത്തിൽ കച്ചവടം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അവ നടപ്പാക്കാനും അധികൃതർ ശ്രമിച്ചിട്ടില്ല.
സാമ്പ്രാണിക്കോടി തുരുത്തിൽ മുട്ടൊപ്പം മാത്രമാണ് വെള്ളമെങ്കിലും അൽപം മാറിയാൽ ആഴത്തിലേക്ക് പതിക്കും. കോവളം - കോട്ടപ്പുറം ദേശീയ ജലപാതയും കടലിൽപോകുന്ന വലുപ്പമേറിയ മത്സ്യബന്ധന ബോട്ടുകളുടെ പാതയും ഇതുവഴിയാണ്. വൈകുന്നേരങ്ങളിൽ പ്രക്ഷുബ്‌ധമാകുന്ന കാറ്റും തിരയുമാണ് അഷ്ടമുടിക്കായലിന്റെ മറ്റൊരു പ്രത്യേകത. ശക്തമായ കാറ്റിൽ സ്ഥിരമായി വള്ളം നിയന്ത്രിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് പോലും ചില അവസരങ്ങളിൽ അപകടം സംഭവിക്കാറുണ്ട്.
കഴിഞ്ഞ നാലുവർഷത്തിനിടെ മൂന്നോളം മത്സ്യത്തൊഴിലാളികൾ ഇത്തരത്തിൽ അപകടത്തിൽപ്പെട്ട് മരിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ പ്രാക്കുളം സ്വദേശി ഗ്രേസി (58) മരിച്ചതും ശക്തമായ കാറ്റിലും തിരയിലും പെട്ട് വള്ളം മറിഞ്ഞാണ്. തുരുത്തിൽ ഭക്ഷ്യവസ്തുക്കളുടെ വിൽപ്പന കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.