
ഇന്നത്തെക്കാലത്ത് ഫുഡ് ഡെലിവറി ആപ്പുകളെ ആശ്രയിക്കുന്നവർ ഏറെയാണ്. ഇഷ്ടപ്പെട്ട റെസ്റ്റോറന്റുകളിലെ രുചികരമായ വിഭവങ്ങൾ ഓർഡർ ചെയ്യാൻ ആളുകൾക്ക് പ്രത്യേക താത്പര്യമാണ്. നിരവധി ഫുഡ് ഡെലിവറി ആപ്പുകൾ ഇന്ന് നിലവിലുണ്ട്.
ഇപ്പോഴിതാ തങ്ങൾക്ക് പറ്റിയ അബദ്ധത്തിന് വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഒരു ഫുഡ് ഡെലിവറി ആപ്പ്. സാങ്കേതിക തകരാറുമൂലം ആപ്പിലെ ആയിരക്കണക്കിന് ഉപഭോക്താക്കളാണ് സൗജന്യമായി ഭക്ഷണവും മദ്യവും ഓർഡർ ചെയ്‌തത്.

യു.എസ് ആസ്ഥാനമായുള്ള ഫുഡ് ഡെലിവറി ആപ്പായ ഡോർഡാഷിനാണ് അമളി പറ്റിയത്. നിരവധി ആളുകൾ ഈ അവസരം മുതലാക്കിയപ്പോൾ അത് സാധിക്കാത്ത ചിലർ നിരാശയും പങ്കുവച്ചു. ഒരാൾ 1,949.70 ഡോളർ വിലയുള്ള മദ്യം സൗജന്യമായി ഓർഡർ ചെയ്തതായും റിപ്പോർട്ടുണ്ട്.
അതേസമയം, പേയ്‌മെന്റ് പ്രോസസിംഗിലെ തകരാർ പരിഹരിച്ചതായും വഞ്ചനാപരമായ ഓർഡറുകൾ റദ്ദാക്കിയെന്നും കമ്പനി അറിയിച്ചു. വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കമ്പനി വ്യക്തമാക്കി. എത്ര നേരം ഈ പ്രശ്നം ഉണ്ടായിരുന്നുവെന്നത് വ്യക്തമല്ല.